
ദോഹ: ഖത്തറിലേക്ക് വരുന്നവർക്കും രാജ്യത്ത് നിന്ന് പുറത്തേക്ക് പോകുന്നവർക്കും വ്യക്തിഗത ആവശ്യങ്ങൾക്കുള്ള നിയന്ത്രിത മരുന്നുകൾ (Controlled Medicines) കൈവശം വയ്ക്കുന്നതിനായി മുൻകൂട്ടി അനുമതി നേടാൻ പുതിയ ഇലക്ട്രോണിക് സംവിധാനം ആരംഭിച്ച് പൊതുജനാരോഗ്യ മന്ത്രാലയം (MoPH).
യാത്രക്കാർക്ക് മുൻകൂട്ടിയുള്ള പെർമിറ്റിനായി ഓൺലൈനായി അപേക്ഷിക്കാനും അപേക്ഷയുടെ നില തത്സമയം നിരീക്ഷിക്കാനും അംഗീകൃത പെർമിറ്റ് ഇലക്ട്രോണിക് രൂപത്തിൽ ലഭ്യമാക്കാനും ഈ പ്ലാറ്റ്‌ഫോമിലൂടെ സാധിക്കും.
യാത്രക്കാരുടെ നടപടിക്രമങ്ങൾ വേഗത്തിലാക്കാനും സേവനങ്ങൾ കൂടുതൽ എളുപ്പമാക്കാനും ലക്ഷ്യമിട്ടാണ് ഈ മാറ്റം. അതോടൊപ്പം തന്നെ ഔഷധ മേഖലയിലെ കർശനമായ നിയന്ത്രണങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും ഉറപ്പാക്കുകയും ചെയ്യും.
നാഷണൽ ഓതന്റിക്കേഷൻ സിസ്റ്റം (NAS) വഴി പ്രവേശിച്ച് ആവശ്യമായ രേഖകളും വാലിഡായ മെഡിക്കൽ പ്രിസ്ക്രിപ്ഷനും (Doctor's Prescription) അപ്‌ലോഡ് ചെയ്ത് അപേക്ഷ സമർപ്പിക്കാം.ആവശ്യമായ എല്ലാ രേഖകളും കൃത്യമായി സമർപ്പിച്ചാൽ 3 പ്രവൃത്തി ദിവസത്തിനുള്ളിൽ അപേക്ഷയിൽ തീർപ്പുണ്ടാകും.യാത്ര തിരിക്കുന്നതിന് കുറഞ്ഞത് 5 പ്രവൃത്തി ദിവസങ്ങൾക്ക് മുമ്പെങ്കിലും ഇ-പെർമിറ്റിനായി അപേക്ഷിക്കണമെന്ന് അധികൃതർ നിർദ്ദേശിക്കുന്നു.പ്ലാറ്റ്‌ഫോം ഉപയോഗിക്കേണ്ട വിധം, വയ്ക്കേണ്ട രേഖകൾ, നിയന്ത്രിത മരുന്നുകളുടെ പട്ടിക എന്നിവ ഉൾപ്പെടുത്തി മന്ത്രാലയം പ്രത്യേക ഗൈഡ്ലൈൻ ബുക്ക്‌ലെറ്റും പുറത്തിറക്കിയിട്ടുണ്ട്.
ദേശീയ ആരോഗ്യ തന്ത്രത്തിന്റെ (National Health Strategy) ഭാഗമായി മന്ത്രാലയത്തിന്റെ സേവനങ്ങൾ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ തുടർച്ചയായാണ് ഈ പുതിയ സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്. ഫാർമസി ആന്റ് ഡ്രഗ് കൺട്രോൾ ഡിപ്പാർട്ട്‌മെന്റാണ് അപേക്ഷകൾ പരിശോധിച്ച് പെർമിറ്റ് അനുവദിക്കുന്നത്.
പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയും https://fli.moph.gov.qa/ എന്ന ലിങ്ക് വഴിയും യാത്രക്കാർക്ക് ഈ സേവനം ഉപയോഗപ്പെടുത്താം.











