
ദോഹ: കുട്ടികൾക്കായി ഉപയോഗിക്കുന്ന 'ബേബീസ് മാജിക് ടീ ബേബി സ്ലീപ്പ് ഗ്രൈപ്പ് വാട്ടർ' (Babies’ Magic Tea Baby Sleep Gripe Water) എന്ന ഉൽപ്പന്നത്തിൽ പ്രഖ്യാപിക്കാത്ത ആൽക്കഹോളിന്റെ (മദ്യം) സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് മാതാപിതാക്കൾക്കും പരിചാകർക്കും ജാഗ്രതാ മുന്നറിയിപ്പുമായി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം (MoPH).
ബാച്ച് നമ്പർ 25122bw അടങ്ങിയ ഉൽപ്പന്നത്തിലാണ് അപകടകരമായ അളവിൽ ആൽക്കഹോൾ സാന്നിധ്യം കണ്ടെത്തിയത്. കുട്ടികളുടെ ആരോഗ്യത്തിന് ഗുരുതരമായ ഭീഷണിയുയർത്തുന്ന ഈ ഉൽപ്പന്നത്തിന്റെ ഉപയോഗം ഉടൻ നിർത്തിവെക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.ഈ ഉൽപ്പന്നം ഖത്തറിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതല്ലെങ്കിലും, ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകൾ വഴി ജനങ്ങളുടെ കൈകളിൽ എത്താൻ സാധ്യതയുണ്ട്. അതിനാൽ ഓൺലൈനായി വാങ്ങിയവർ പാക്കറ്റിലെ ലോട്ട് നമ്പർ (Lot Number) പരിശോധിച്ച് ഉറപ്പുവരുത്തണം.അമേരിക്കയിൽ നടത്തിയ പരിശോധനയിൽ ഈ ബാച്ചിൽ ലൈബലിൽ രേഖപ്പെടുത്താത്ത എഥനോൾ (8.3%), മെഥനോൾ (0.35%), ഐസോപ്രൊപ്പനോൾ (0.48%) എന്നിവയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്.ഈ ബാച്ചിൽപ്പെട്ട ഉൽപ്പന്നം കൈവശമുള്ളവർ അത് ഉടൻ ഉപേക്ഷിക്കുക. ഇത് ഉപയോഗിച്ചതിനെ തുടർന്ന് കുട്ടികൾക്ക് എന്തെങ്കിലും ശാരീരിക അസ്വസ്ഥതകൾ ഉണ്ടായാൽ ഉടൻ വൈദ്യസഹായം തേടേണ്ടതാണ്.
നീല നിറത്തിലുള്ള ബോക്സിൽ ആംബർ (തവിട്ടു) നിറത്തിലുള്ള കുപ്പിയും ഓറൽ സിറിഞ്ചും അടങ്ങിയ രീതിയിലാണ് ഈ ഉൽപ്പന്നം വിൽപ്പന നടത്തുന്നത്.











