
ദോഹ:വേനൽക്കാലത്ത് തൊഴിലാളികൾ നേരിടുന്ന പ്രധാന വെല്ലുവിളിയായ 'ഹീറ്റ് സ്ട്രെസ്സ്' (അമിത ചൂട് മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ) തടയുന്നതിനായി ഖത്തർ തൊഴിൽ മന്ത്രാലയം ബോധവൽക്കരണ സെമിനാറുകൾ സംഘടിപ്പിച്ചു. മന്ത്രാലയത്തിന് കീഴിലുള്ള ഒക്യുപേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്ത് ഡിപ്പാർട്ട്‌മെന്റിന്റെ നേതൃത്വത്തിലാണ് സ്വകാര്യ മേഖലയിലെ പ്രമുഖ കമ്പനികളുമായി സഹകരിച്ച് പ്രത്യേക സെമിനാറുകൾ നടത്തിയത്.
അൽ ഗരാഫ ട്രേഡിംഗ് & കോൺട്രാക്റ്റിംഗ് കമ്പനി, യുണൈറ്റഡ് ഡെവലപ്‌മെന്റ് കമ്പനി (UDC), ജിഇസി കോൺട്രാക്റ്റിംഗ്, അൽകാറ്റ് കോൺട്രാക്റ്റിംഗ്, ഗൾഫ് ട്രാഫിക് ടെക്നോളജീസ്, മെക്ദാം ടെക്നിക്കൽ സർവീസസ് എന്നീ കമ്പനികളുമായി സഹകരിച്ചായിരുന്നു പരിപാടി.തൊഴിലാളികളെയും തൊഴിലുടമകളുടെ പ്രതിനിധികളെയും ലക്ഷ്യമിട്ടാണ് ഈ ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിച്ചത്. മനുഷ്യവിഭവശേഷി വികസനത്തിന് ഏറ്റവും ഉയർന്ന മുൻഗണന നൽകുന്ന 'ഖത്തർ നാഷണൽ വിഷൻ 2030'-ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായാണ് മന്ത്രാലയത്തിന്റെ ഈ നീക്കം.
തൊഴിലിടങ്ങളിലെ സുരക്ഷാ മാനദണ്ഡങ്ങൾ കൂടുതൽ ശക്തമാക്കാനും, തൊഴിലാളികൾക്ക് ആകർഷകവും സുരക്ഷിതവുമായ തൊഴിൽ അന്തരീക്ഷം വികസിപ്പിച്ചെടുക്കാനുമുള്ള തൊഴിൽ മന്ത്രാലയത്തിന്റെ തന്ത്രപരമായ പദ്ധതികളുടെ ഭാഗമായാണ് ഈ സെമിനാറുകൾ രാജ്യത്തുടനീളം സംഘടിപ്പിച്ചു വരുന്നത്.











