
ദോഹ:ഖത്തറിലെ സ്വകാര്യ സ്കൂളുകളിൽ വിവിധ പാഠ്യപദ്ധതികളിൽ അന്താരാഷ്ട്ര തലത്തിലും പ്രാദേശിക തലത്തിലും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസ മന്ത്രാലയം 'പ്രൗഡ് ഓഫ് യു' (Proud of You) പുരസ്കാര ചടങ്ങ് സംഘടിപ്പിച്ചു. മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. ഇബ്രാഹിം ബിൻ സാലിഹ് അൽ നുഐമി മുഖ്യാതിഥിയായിരുന്നു.
ബ്രിട്ടീഷ്, അമേരിക്കൻ, ഇന്ത്യൻ, ഐ.ബി (International Baccalaureate) തുടങ്ങി വിവിധ വിദ്യാഭ്യാസ സമ്പ്രദായങ്ങളിൽ ലോകത്തെ തന്നെ ഏറ്റവും ഉയർന്ന റാങ്ക് നേടിയ വിദ്യാർത്ഥികളെയാണ് ചടങ്ങിൽ ആദരിച്ചത്.
2026-ലെ ബ്രിട്ടീഷ് പിയേഴ്സൺ (Pearson) പരീക്ഷാ ഫലങ്ങളിൽ ഖത്തർ ആഗോളതലത്തിൽ ഒന്നാം സ്ഥാനം നിലനിർത്തിയിരുന്നു.സ്വകാര്യ സ്കൂളുകൾക്കിടയിൽ ആരോഗ്യകരമായ മത്സരം പ്രോത്സാഹിപ്പിക്കുന്നതിനായി 'സ്കൂൾ ലീഡർഷിപ്പ് എക്സലൻസ് അവാർഡ്' (School Leadership Excellence Award) മന്ത്രാലയം അവതരിപ്പിച്ചു. 2026-27 അധ്യയന വർഷം മുതൽ നൽകിത്തുടങ്ങുന്ന ഈ അവാർഡ്, മികച്ച ഭരണം, അധ്യാപന നിലവാരം, ഡിജിറ്റൽ പരിവർത്തനം തുടങ്ങി എട്ട് മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും നൽകുക. വിജയിക്കുന്ന സ്കൂളുകൾക്ക് അഞ്ചു വർഷത്തെ അഡ്വാൻസ്ഡ് ടീച്ചിംഗ് ലൈസൻസും വിദ്യാർത്ഥികൾക്ക് സർവകലാശാലാ പ്രവേശനത്തിന് മുൻഗണന നൽകുന്ന സർട്ടിഫിക്കറ്റുകളും ലഭിക്കും.മിഡിൽ ഈസ്റ്റ് തലത്തിൽ ഗണിതശാസ്ത്രത്തിൽ ഒന്നാം സ്ഥാനം നേടിയ പാർക്ക് ഹൗസ് സ്കൂളിലെ കരീം ഗാബി ആതിയ, അറബിക് ഭാഷയിൽ ലോകത്തെ ഏറ്റവും ഉയർന്ന മാർക്ക് നേടിയ ന്യൂട്ടൺ ബ്രിട്ടീഷ് അക്കാദമിയിലെ ഹനീൻ അഹമ്മദ് ഫുവാദ്, 100 ശതമാനം മാർക്ക് നേടിയ മുഅയ്യദ് മുആവിയ തുടങ്ങിയവർ തങ്ങളുടെ നേട്ടത്തിൽ ഖത്തറിനോടും അധ്യാപകരോടും നന്ദി രേഖപ്പെടുത്തി.
വിദ്യാഭ്യാസ മേഖലയിലെ നിക്ഷേപവും കൃത്യമായ ആസൂത്രണവുമാണ് ഇത്തരം വലിയ വിജയങ്ങൾക്ക് പിന്നിലെന്ന് മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ ചടങ്ങിൽ വ്യക്തമാക്കി.











