
ദോഹ: ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ യാത്ര സുഗമമാക്കുന്നതിനും അവർക്ക് സുരക്ഷിതമായ പഠനസാഹചര്യം ഒരുക്കുന്നതിനുമായി അൽ തമക്കോൺ കോംപ്രിഹെൻസീവ് സ്കൂളിന് (Al Tamakon Comprehensive School) നൽകിവരുന്ന പിന്തുണ ഔഖാഫ് ഇസ്ലാമിക കാര്യ മന്ത്രാലയം വീണ്ടും ഉറപ്പുനൽകി. മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് എൻഡോവ്‌മെന്റ്‌സാണ് ഇക്കാര്യം അറിയിച്ചത്.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്ക് പ്രത്യേക അക്കാദമിക്, പുനരധിവാസ പരിപാടികളിൽ പങ്കെടുക്കാൻ ഈ സഹായം വലിയ ആശ്വാസമാകും. വിദ്യാഭ്യാസ മേഖലയിലെ നിക്ഷേപം ഭാവിയിലേക്കുള്ള നിക്ഷേപമാണെന്നും ഭിന്നശേഷിക്കാരെ ശാക്തീകരിക്കുക എന്നത് സമൂഹത്തിന്റെ ധാർമ്മിക ഉത്തരവാദിത്തമാണെന്നും എൻഡോവ്‌മെന്റ് ഡയറക്ടർ ജനറൽ എഞ്ചിനീയർ ഹസ്സൻ ബിൻ അബ്ദുള്ള അൽ മർസൂഖി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
സയന്റിഫിക് ആൻഡ് കൾച്ചറൽ ഡെവലപ്‌മെന്റിനായുള്ള വഖഫ് ഫണ്ട്, ഹെൽത്ത് കെയർ വഖഫ് ഫണ്ട് എന്നിവ വഴിയാണ് ഈ പിന്തുണ ലഭ്യമാക്കുന്നത്. ട്യൂഷൻ ഫീസ് ഇളവ് നൽകുന്നതിലുപരി, ഭിന്നശേഷിക്കാരായ കുട്ടികളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും ഈ പങ്കാളിത്തം സഹായിക്കുമെന്ന് സ്കൂളിലെ ഡിജിറ്റൽ ക്വാളിറ്റി യൂണിറ്റ് മേധാവി എഞ്ചിനീയർ അബ്ദുസ്സലാം അൽ യാസിൻ വ്യക്തമാക്കി.











