
ദോഹ:ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) മേഖലയിൽ വാർത്താ കവറേജ് വർദ്ധിപ്പിക്കുന്നതിനായി പ്രാദേശിക എഡിറ്റോറിയൽ സെന്റർ സ്ഥാപിക്കുന്നതിനുള്ള സഹകരണ കരാറിൽ ഖത്തർ മീഡിയ സിറ്റിയും (ക്യുഎംസി) ജർമ്മൻ പ്രസ് ഏജൻസിയും (ഡിപിഎ) ഒപ്പുവച്ചു.അഞ്ച് വർഷമാണ് പ്രാരംഭ കാലയളവ്. പ്രവർത്തനങ്ങൾ 2025 ജൂണിൽ ആരംഭിക്കും.
എഡിറ്റോറിയൽ സെന്റർ ഡിപിഎയുടെ സേവനങ്ങളെ പിന്തുണയ്ക്കുകയും പ്രാദേശിക വാർത്താ റിപ്പോർട്ടിംഗ് കൂടുതൽ ആഴത്തിലാക്കുകയും അറബി, ജർമ്മൻ, ഇംഗ്ലീഷ്, സ്പാനിഷ് എന്നിവ ഉൾപ്പെടുത്തി ആഗോള കവറേജ് വികസിപ്പിക്കുകയും ചെയ്യും. എഡിറ്റോറിയൽ പ്രവർത്തനങ്ങൾക്ക് പുറമേ, ഖത്തരി പ്രതിഭകളെ വികസിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഡിപിഎ മാധ്യമ സ്ഥാപനങ്ങളെയും വ്യക്തികളെയും പരിശീലിപ്പിക്കും.ജർമ്മൻ പ്രസ് ഏജൻസിയുമായുള്ള പങ്കാളിത്തം രാജ്യത്തെ മാധ്യമങ്ങളുടെ ഭാവി രൂപപ്പെടുത്തുന്നതിലും നവീകരണത്തിന് വഴിയൊരുക്കുമെന്ന് ഖത്തർ മീഡിയ സിറ്റി സിഇഒ എഞ്ചിനീയർ ജാസിം മുഹമ്മദ് അൽ ഖൗരി പറഞ്ഞു.ഖത്തർ മീഡിയ സിറ്റി ഗൾഫ് മേഖലയിൽ ഞങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തുമ്പോൾ, അതുമായി സഹകരിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് ജർമ്മൻ പ്രസ് ഏജൻസി (ഡിപിഎ) സിഇഒ പീറ്റർ ക്രോബുഷ്പറഞ്ഞു.











