11:17pm 06 July 2026
NEWS
ഉംറ കഴിഞ്ഞു മടങ്ങുകയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു; ഉമ്മയും മകളും മരിച്ചു
06/07/2026  09:01 PM IST
nila
ഉംറ കഴിഞ്ഞു മടങ്ങുകയായിരുന്ന മലയാളി കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു; ഉമ്മയും മകളും മരിച്ചു

​റിയാദ്/ദോഹ : സൗദി അറേബ്യയിലെ ത്വാഇഫിന് സമീപമുണ്ടായ ദാരുണമായ വാഹനാപകടത്തിൽ ഖത്തറിൽ താമസിക്കുന്ന മലയാളി കുടുംബത്തിലെ അമ്മയും മകളും മരിച്ചു. ഉംറ തീർത്ഥാടനം കഴിഞ്ഞ് റോഡ് മാർഗ്ഗം ഖത്തറിലേക്ക് മടങ്ങുകയായിരുന്ന കുടുംബമാണ് അപകടത്തിൽപെട്ടത്. മലപ്പുറം രംഗാട്ടൂർ തെക്കേ പീടിയേക്കൽ അബ്ദുള്ളത്തീഫിന്റെ (കുഞ്ഞുമോൻ) ഭാര്യരഹന (52)മകൾ ഡോ : നഹലനർമിൻ (29)എന്നിവരാണ് മരിച്ചത്.
​അപകടത്തിൽ അബ്ദുള്ളത്തീഫ്, ഇവരുടെ മറ്റ് രണ്ട് പെൺമക്കൾ,  പേരക്കുട്ടി എന്നിവർക്ക് പരിക്കേറ്റു. ഇവരുടെ പരിക്കുകൾ ഗുരുതരമല്ലെന്നാണ് ലഭ്യമാകുന്ന വിവരം.
​കാറ്റിനൊപ്പം പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് വില്ലനായി
​ഞായറാഴ്ച രാത്രി എട്ട് മണിയോടെ ത്വാഇഫിൽ നിന്നും റിയാദിലേക്കുള്ള എക്സ്പ്രസ് വേയിൽ 'ദലം' എന്ന സ്ഥലത്തിന് സമീപമാണ് അപകടം സംഭവിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന ലാൻഡ് ക്രൂസർ വാഹനത്തിന്റെ മുൻവശത്തെ വിൻഡ്ഷീൽഡിലേക്ക് കാറ്റിൽ പറന്നുവന്ന ഒരു പ്ലാസ്റ്റിക് ഷീറ്റ് പെട്ടെന്ന് വന്ന് ഒട്ടുകയായിരുന്നു.
​ഇതോടെ ഡ്രൈവർക്ക് മുൻവശത്തെ കാഴ്ച പൂർണ്ണമായും തടസ്സപ്പെടുകയും വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്തു. നിയന്ത്രണം വിട്ട വാഹനം റോഡിൽ പലതവണ മറിഞ്ഞാണ് അപകടമുണ്ടായതെന്ന് അബ്ദുള്ളത്തീഫ് പറഞ്ഞു.മരിച്ച അമ്മയുടെയും മകളുടെയും മൃതദേഹങ്ങൾ നിലവിൽ ദലം സെൻട്രൽ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടവിവരമറിഞ്ഞ് ദമ്മാമിൽ നിന്നും മറ്റ് സമീപപ്രദേശങ്ങളിൽ നിന്നുമുള്ള ബന്ധുക്കളും സുഹൃത്തുക്കളും സാമൂഹിക പ്രവർത്തകരും ദലമിലേക്ക് തിരിച്ചിട്ടുണ്ട്. ആശുപത്രി നടപടികൾക്കും തുടർനടപടികൾക്കുമായി കെ.എം.സി.സി ഉൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തകർ രംഗത്തുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img