06:28am 09 November 2026
NEWS
കടൽ പരിസ്ഥിതി നിരീക്ഷണത്തിന് 'സ്മാർട്ട് ഒബ്‌സർവർ' ബോട്ടുമായി ഖത്തർ
08/08/2026  04:23 PM IST
nila
കടൽ പരിസ്ഥിതി നിരീക്ഷണത്തിന് സ്മാർട്ട് ഒബ്‌സർവർ ബോട്ടുമായി ഖത്തർ

ദോഹ: ഖത്തറിലെ സമുദ്ര പരിസ്ഥിതി കൂടുതൽ കാര്യക്ഷമമായി നിരീക്ഷിക്കുന്നതിനായി പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoECC) അത്യാധുനിക സംവിധാനങ്ങളുള്ള 'സ്മാർട്ട് ഒബ്‌സർവർ' (Smart Observer) ബോട്ട് പുറത്തിറക്കി. പരമ്പരാഗത രീതികളിൽ നിന്ന് മാറി ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ കടലിലെ മാറ്റങ്ങൾ തത്സമയം നിരീക്ഷിക്കാനും വിവരങ്ങൾ ശേഖരിക്കാനുമാണ് മന്ത്രാലയം ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
​ഖത്തർ നാഷണൽ ഡെവലപ്‌മെന്റ് സ്ട്രാറ്റജി 2030-ന്റെ ഭാഗമായി തദ്ദേശീയവും അന്തർദേശീയവുമായ ആവശ്യങ്ങൾ മുൻനിർത്തിയാണ് ബോട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്.മാന്യുവൽ, ലാർജ് ആന്റിന കൺട്രോൾ, സ്റ്റാർലിങ്ക് (Starlink) ടെക്നോളജി എന്നീ മൂന്ന് നിയന്ത്രണ സംവിധാനങ്ങൾ വഴി മനുഷ്യരഹിതമായി ബോട്ട് പ്രവർത്തിപ്പിക്കാം.തുടർച്ചയായി 6 മുതൽ 7 മണിക്കൂർ വരെ പ്രവർത്തിക്കാനും ഒരേസമയം ജലത്തിന്റെ സാമ്പിളുകൾ ശേഖരിക്കാനും സാധിക്കും.മുൻനിര ശാസ്ത്രീയ രീതികളിലൂടെ ലഭിക്കുന്ന ഫലങ്ങൾക്ക് തുല്യമായ കൃത്യത സ്മാർട്ട് ഒബ്‌സർവറിന്റെ ഡാറ്റകൾക്കും ഉണ്ടെന്ന് പരീക്ഷണങ്ങളിൽ തെളിഞ്ഞിട്ടുണ്ട്.കടൽവെള്ളത്തിന്റെ ഗുണനിലവാരം, താപനില, ഉപ്പുരസം (salinity), ലയിച്ചുചേർന്ന ഓക്സിജന്റെ അളവ്, കലക്കൽ (turbidity), ക്ലോറോഫിൽ എന്നിവ കൃത്യമായി അളക്കാൻ ഈ ബോട്ടിലെ സെൻസറുകൾക്ക് കഴിയും.
​ഡാറ്റാ ശേഖരണം കൂടുതൽ വേഗത്തിലാക്കാനും ലബോറട്ടറികളിലേക്ക് തത്സമയം വിവരങ്ങൾ എത്തിക്കാനും ഈ സംവിധാനം സഹായിക്കുമെന്ന് അന്താരാഷ്ട്ര സുസ്ഥിരതാ വിദഗ്ദ്ധൻ ഡോ. മുഹമ്മദ് ബിൻ സൈഫ് അൽ കുവാരിയും പരിസ്ഥിതി നിരീക്ഷണ വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ അബ്ദുള്ള അൽ ഖുലൈഫിയും വാർത്താ ഏജൻസിയായ QNA-യോട് വ്യക്തമാക്കി. വരും ഘട്ടങ്ങളിൽ കൂടുതൽ അത്യാധുനിക സംവിധാനങ്ങളുള്ള കൂടുതൽ ബോട്ടുകൾ നിരീക്ഷണത്തിനായി ഇറക്കുമെന്നും മന്ത്രാലയം അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img