
ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പ്രവർത്തനക്ഷമതയും സുരക്ഷയും വർദ്ധിപ്പിക്കുന്നതിനായി അത്യാധുനിക 'ഡിജിറ്റൽ റിമോട്ട് ടവർ' സംവിധാനം ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി ഔദ്യോഗികമായി പുറത്തിറക്കി. വ്യോമയാന മേഖലയെ നവീകരിക്കുന്നതിലും സ്മാർട്ട് സാങ്കേതികവിദ്യകൾ നടപ്പിലാക്കുന്നതിലും ഖത്തർ കൈവരിച്ച വൻ മുന്നേറ്റമായാണ് ഈ പദ്ധതി വിലയിരുത്തപ്പെടുന്നത്.
വിമാനത്താവളത്തിന് പുറത്തുനിന്നുപോലും വ്യോമഗതാഗത പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ സഹായിക്കുന്ന ഒരു കേന്ദ്രീകൃത കൺട്രോൾ യൂണിറ്റാണ് പുതിയ സംവിധാനം. പരമ്പരാഗത കൺട്രോൾ ടവറുകളിൽ നിന്നുള്ള കാഴ്ചയ്ക്ക് സമാനമായി, എന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ അതിനേക്കാൾ വ്യക്തതയോടും കൃത്യതയോടും കൂടിയ ദൃശ്യങ്ങൾ നൽകാൻ ഈ അത്യാധുനിക സാങ്കേതികവിദ്യയ്ക്ക് സാധിക്കും.വിമാനത്താവളത്തിന്റെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനൊപ്പം ദ്രുതഗതിയിലുള്ള തീരുമാനങ്ങളെടുക്കാനും പ്രതികരണ സമയം കുറയ്ക്കാനും പുതിയ ഡിജിറ്റൽ റിമോട്ട് ടവർ ഏറെ സഹായകരമാകുമെന്ന് അധികൃതർ വ്യക്തമാക്കി. മികച്ച വ്യോമയാന സേവനങ്ങൾ ഉറപ്പാക്കുന്നതിനായി ഖത്തർ നടത്തിവരുന്ന നിക്ഷേപങ്ങളുടെയും നവീകരണങ്ങളുടെയും തുടർച്ചയാണ് ഈ പുതിയ ചുവടുവെപ്പ്.










