
ദോഹ:ആഗോളതലത്തിൽ ഉണ്ടായ സാമ്പത്തിക പ്രതിസന്ധികളെയും പ്രാദേശിക വെല്ലുവിളികളെയും അതിജീവിച്ച് ലോകത്തിലെ ഏറ്റവും മികച്ച അഞ്ച് കരുത്തുറ്റ സമ്പദ്‌വ്യവസ്ഥകളുടെ (Economic Resilience) പട്ടികയിൽ ഖത്തർ ഇടംപിടിച്ചു. ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (IMD) പുറത്തുവിട്ട 2026-ലെ വേൾഡ് കോംപറ്റിറ്റീവ്‌നെസ് ഇയർബുക്കിലാണ് (ലോക മത്സരശേഷി സൂചിക) ഖത്തർ ഈ ചരിത്രനേട്ടം സ്വന്തമാക്കിയതെന്ന് നാഷണൽ പ്ലാനിംഗ് കൗൺസിൽ (NPC) അറിയിച്ചു. പശ്ചിമേഷ്യൻ-ഉത്തര ആഫ്രിക്കൻ (MENA) മേഖലയിൽ ഖത്തറാണ് ഒന്നാമത്.
ഖത്തർ നാഷണൽ വിഷൻ 2030, മൂന്നാം ദേശീയ വികസന തന്ത്രം എന്നിവ മുൻനിർത്തിയുള്ള രാജ്യത്തിന്റെ കൃത്യമായ ആസൂത്രണവും സാമ്പത്തിക-സ്ഥാപന-സാമൂഹിക മേഖലകളിലെ മികച്ച പ്രകടനവുമാണ് ഈ നേട്ടത്തിന് പിന്നിൽ.വ്യാപാര സന്തുലിതാവസ്ഥയിൽ (Balance of Trade) ഖത്തർ ആഗോളതലത്തിൽ ഒന്നാം സ്ഥാനത്താണ്. ലോകത്തിലെ ഏറ്റവും കുറഞ്ഞ തൊഴിലില്ലായ്മ നിരക്കും (Unemployment), ഉയർന്ന ദേശീയ സമ്പാദ്യ നിരക്കും (National Savings Rate) ഖത്തറിനാണ്.വ്യക്തിഗത വരുമാന നികുതി (Personal Income Tax), ഉപഭോഗ നികുതി (Consumption Tax), മൂലധന-സ്വത്ത് നികുതികൾ എന്നിവ ഇല്ലാത്ത രാജ്യങ്ങളുടെ പട്ടികയിലും ഖത്തർ ആഗോളതലത്തിൽ ഒന്നാമതെത്തി.സംരംഭകത്വത്തിൽ (Entrepreneurship) മേഖലയിൽ ഒന്നാമതും ലോകത്ത് നാലാമതുമാണ് ഖത്തർ. ലേബർ പ്രൊഡക്ടിവിറ്റി, ബാങ്കിംഗ് ആസ്തികൾ, രാജ്യത്തിന്റെ ക്രെഡിറ്റ് റേറ്റിംഗ് എന്നിവയിലും ഖത്തറാണ് മുന്നിൽ.ഊർജ്ജ അടിസ്ഥാന സൗകര്യങ്ങളിൽ ലോകത്ത് രണ്ടാം സ്ഥാനത്തും, ആരോഗ്യ രംഗത്തെ മികച്ച ഇൻഫ്രാസ്ട്രക്ചറിൽ മൂന്നാം സ്ഥാനത്തുമാണ് രാജ്യം. ജീവിതനിലവാരത്തിന്റെ (Quality of life) കാര്യത്തിൽ ലോകത്ത് ആറാം സ്ഥാനത്താണ് ഖത്തർ.കാര്യക്ഷമമായ നീതിന്യായ വ്യവസ്ഥയുള്ള രാജ്യങ്ങളിൽ ആഗോളതലത്തിൽ അഞ്ചാം സ്ഥാനത്താണ് ഖത്തർ. ലോകത്തിലെ ഏറ്റവും കുറഞ്ഞ കൊലപാതക നിരക്കുള്ള (Homicide rate) രണ്ടാമത്തെ രാജ്യം കൂടിയാണ് ഖത്തർ.
അഭൂതപൂർവ്വമായ പ്രാദേശിക വെല്ലുവിളികൾക്കിടയിലും രാജ്യം കൈവരിച്ച ഈ നേട്ടം ഖത്തറിന്റെ ശക്തമായ സാമ്പത്തിക അടിത്തറയെയാണ് കാണിക്കുന്നതെന്ന് നാഷണൽ പ്ലാനിംഗ് കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. അബ്ദുൽ അസീസ് ബിൻ നാസർ ബിൻ മുബാറക് അൽ ഖലീഫ വ്യക്തമാക്കി. അടിസ്ഥാന സൗകര്യങ്ങളിലും പൊതുസേവനങ്ങളിലും വർഷങ്ങളായി രാജ്യം നടത്തിയ തന്ത്രപരമായ നിക്ഷേപങ്ങളുടെ പ്രതിഫലനമാണ് ഇതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.











