
ദോഹ: ന്യൂഡൽഹിയിലെ പ്രഗതി മൈതാനത്ത് ജനുവരി 10 മുതൽ 18 വരെ നാഷണൽ ബുക്ക് ട്രസ്റ്റ് (NBT) ഇന്ത്യയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ന്യൂഡൽഹി വേൾഡ് ബുക്ക് ഫെയറിൽ ഈ വർഷത്തെ വിശിഷ്ടാതിഥി രാജ്യമായി ഖത്തർ പങ്കെടുക്കും. അക്ഷരങ്ങളുടെയും അറിവിന്റെയും മഹോത്സവമായി മാറുന്ന പുസ്തകമേളയിൽ ഖത്തറിന്റെ സാംസ്കാരിക സാന്നിധ്യം പ്രത്യേക ശ്രദ്ധ നേടുമെന്ന് അധികൃതർ വ്യക്തമാക്കി.
മൂവായിരത്തിലധികം പവിലിയനുകൾ അണിനിരക്കുന്ന മേളയിൽ ഇന്ത്യയിലെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെയും പ്രസാധകർ, അക്കാദമിക് സ്ഥാപനങ്ങൾ, വിദ്യാർത്ഥികൾ, വായനാസ്വാദകർ എന്നിവർ പങ്കുചേരും. നാഷണൽ ബുക്ക് ട്രസ്റ്റ് ഇന്ത്യയാണ് മേള സംഘടിപ്പിക്കുന്നത്. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രത്യേക പവിലിയനിൽ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അനുബന്ധ സ്ഥാപനങ്ങൾക്കും അവരുടെ അക്കാദമിക് നേട്ടങ്ങൾ, ഗവേഷണ പ്രവർത്തനങ്ങൾ, പ്രസിദ്ധീകരണങ്ങൾ, നവീന ആശയങ്ങൾ എന്നിവ പ്രദർശിപ്പിക്കാൻ സൗകര്യമൊരുക്കിയിട്ടുണ്ട്.ഇന്ത്യയിലെ ഏറ്റവും വലിയസാഹിത്യോത്സവങ്ങളിലൊന്നായ ന്യൂഡൽഹി വേൾഡ് ബുക്ക് ഫെയറിൽ ഖത്തർ സാംസ്കാരിക മന്ത്രാലയം ഒരുക്കുന്ന പവിലിയൻ ഈ വർഷത്തെ മുഖ്യ ആകർഷണങ്ങളിലൊന്നായിരിക്കും. ഖത്തരി സാഹിത്യം, കല, ചരിത്രം, സമകാലിക ചിന്തകൾ എന്നിവ ഒത്തുചേരുന്ന ഈ പവിലിയൻ, അറബ് സംസ്‌കാരത്തിന്റെ ജീവസാന്നിധ്യം ആഗോള വായനക്കാരുടെ മുന്നിൽ അവതരിപ്പിക്കും.
ആഗോളതലത്തിൽ ഖത്തറിന്റെ സാംസ്കാരിക സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനും, സാഹിത്യ–സാംസ്കാരിക മേഖലകളെ വൈവിധ്യമാർന്ന അന്താരാഷ്ട്ര പ്രേക്ഷകർക്ക് പരിചയപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ പങ്കാളിത്തമെന്ന് ഖത്തർ സാംസ്കാരിക മന്ത്രാലയം വ്യക്തമാക്കി.
ആഗോള ചിന്തയ്ക്കും വിജ്ഞാനത്തിനും ദിശകാട്ടിയ ഏറ്റവും പുരാതന മനുഷ്യ നാഗരികതകളിലൊന്നായ ഇന്ത്യൻ മണ്ണിൽ, സാംസ്കാരിക ഇടപഴകലിന് പുതിയ വാതിലുകൾ തുറക്കുന്ന വേദിയായിരിക്കും ഈ പുസ്തകമേളയെന്ന് ദോഹ അന്താരാഷ്ട്ര പുസ്തകമേള ഡയറക്ടർ ജാസിം അഹമ്മദ് അൽ ബുവൈനൈൻ അഭിപ്രായപ്പെട്ടു.
സാംസ്കാരിക വിനിമയം പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം, സാംസ്കാരിക–പ്രസാധന സ്ഥാപനങ്ങളുമായുള്ള സഹകരണം ശക്തിപ്പെടുത്തുകയും, അറബ് കൂടാതെ ആഗോള സാംസ്കാരിക രംഗത്തിന് പിന്തുണ നൽകുകയും ചെയ്യുന്ന ഖത്തറിന്റെ ശ്രമങ്ങളുടെ തുടർച്ചയാണിത്. സാഹിത്യം, കവിത, ചിന്ത, കല തുടങ്ങിയ മേഖലകളിലെ ഖത്തരി ബൗദ്ധിക ചൈതന്യം അവതരിപ്പിക്കാനും, ആഗോള വേദികളിൽ അറബ് സംസ്‌കാരത്തിന്റെ സാന്നിധ്യം കൂടുതൽ ഉറപ്പാക്കാനും ഈ പങ്കാളിത്തം സഹായകമാകും.
ഖത്തറിന്റെ സാംസ്കാരിക പൈതൃകത്തിന്റെ താളം പകർത്തുന്ന അർദാ നൃത്തവും മറ്റ് പരമ്പരാഗത നാടോടി കലകളും ഖത്തരി നാടോടി കലാകാരുടെ സംഘത്തിന്റെ പങ്കാളിത്തത്തോടെ മേളയിലെ സാംസ്കാരിക പരിപാടികളിൽ അരങ്ങേറും.











