09:56pm 12 November 2026
NEWS
ഭക്ഷ്യസുരക്ഷയിൽ ഖത്തർ സുരക്ഷിതം; ഹോർമുസ് കടലിടുക്ക് അടച്ചാലും നേരിടാൻ സജ്ജമെന്ന് നഗരസഭ മന്ത്രി
31/03/2026  02:58 PM IST
NILA
ഭക്ഷ്യസുരക്ഷയിൽ ഖത്തർ സുരക്ഷിതം; ഹോർമുസ് കടലിടുക്ക് അടച്ചാലും നേരിടാൻ സജ്ജമെന്ന് നഗരസഭ മന്ത്രി

ദോഹ: മേഖലയിലെ അസാധാരണമായ സാഹചര്യങ്ങൾക്കിടയിലും ഖത്തറിലെ ഭക്ഷണലഭ്യതയും സുരക്ഷയും അതീവ സുരക്ഷിതമാണെന്ന് നഗരസഭ മന്ത്രി അബ്ദുള്ള ബിൻ ഹമദ് ബിൻ അബ്ദുള്ള അൽ അത്വിയ്യ ഉറപ്പുനൽകി. അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെയും പ്രധാനമന്ത്രിയുടെയും നേരിട്ടുള്ള മേൽനോട്ടത്തിൽ രാജ്യം ഏത് വെല്ലുവിളിയെയും നേരിടാൻ സജ്ജമാണെന്ന് അദ്ദേഹം ഖത്തർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് അടച്ചുപൂട്ടുന്ന സാഹചര്യം ഉണ്ടായാൽ പോലും അത് മറികടക്കാനുള്ള കൃത്യമായ പദ്ധതികൾ 2024-2030 ഭക്ഷ്യസുരക്ഷാ സ്ട്രാറ്റജിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തരം സാധ്യതകൾ മുൻകൂട്ടി കണ്ട് രാജ്യം സജ്ജമാണ്.ചില പച്ചക്കറി ഉൽപ്പാദനത്തിൽ ഖത്തർ 100% സ്വയംപര്യാപ്തത കൈവരിക്കുകയും കയറ്റുമതി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. പാൽ, കോഴി ഉൽപ്പന്നങ്ങൾ എന്നിവയിൽ 99% സ്വയംപര്യാപ്തത രാജ്യം നേടിയിട്ടുണ്ട്.രാജ്യത്തെ ഭക്ഷ്യശേഖരം നിരീക്ഷിക്കാൻ അത്യാധുനിക 'ഏർലി വാണിംഗ്' സംവിധാനങ്ങൾ നിലവിലുണ്ട്. ഇതുവരെ ഉപയോഗിക്കേണ്ടി വന്നിട്ടില്ലാത്ത തന്ത്രപ്രധാനമായ സ്റ്റോക്കുകൾ (Strategic Stock) കൂടുതൽ ശക്തിപ്പെടുത്തുകയാണ്.
അബു സമ്ര അതിർത്തിയിലെ ചരക്കുനീക്കം മന്ത്രി നേരിട്ട് വിലയിരുത്തി. പ്രാദേശിക ഫാമുകളിലും കമ്പനികളിലും നടത്തിയ പരിശോധനയിൽ ആവശ്യമായ അസംസ്കൃത വസ്തുക്കളുടെ വൻ ശേഖരം ഉറപ്പുവരുത്തിയിട്ടുണ്ട്.
രാജ്യത്തിൻ്റെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കുമാണ് ഭരണകൂടം മുൻഗണന നൽകുന്നതെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മന്ത്രി ജനങ്ങളെ അറിയിച്ചു. സായുധ സേനയും സുരക്ഷാ ഏജൻസികളും സ്വകാര്യ മേഖലയും ഒത്തൊരുമിച്ച് ഈ സാഹചര്യത്തെ നേരിടാൻ സജീവമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img