
ദോഹ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) മേഖലയിൽ ആഗോളതലത്തിൽ വൻശക്തിയായി മാറാൻ ഖത്തർ ഒരുങ്ങുന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് ഖത്തറിന്റെ ആകെ നിക്ഷേപം 40 ബില്യൺ ഡോളർ (ഏകദേശം 3.3 ലക്ഷം കോടി രൂപ) കടന്നതായി പ്രമുഖ ജർമ്മൻ ഗവേഷണ സ്ഥാപനമായ 'സ്റ്റാറ്റിസ്റ്റ' റിപ്പോർട്ട് ചെയ്തു. മിഡിൽ ഈസ്റ്റ്, വടക്കേ ആഫ്രിക്ക (MENA) മേഖലകളിലെ സ്മാർട്ട് പരിവർത്തനത്തിന് ദോഹ നേതൃത്വം നൽകുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.ഖത്തറിലെ ആഭ്യന്തര എ.ഐ വിപണി വലിയ വളർച്ചയ്ക്കാണ് സാക്ഷ്യം വഹിക്കുന്നത്. നിലവിൽ അര ബില്യൺ ഡോളറിൽ താഴെ മാത്രമുള്ള പ്രാദേശിക വിപണി, 2030-ഓടെ 2 ബില്യൺ ഡോളറായി ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഊർജ്ജം, ആരോഗ്യ സംരക്ഷണം, സർക്കാർ സേവനങ്ങൾ, ധനകാര്യം എന്നീ മേഖലകളിൽ സ്മാർട്ട് സാങ്കേതികവിദ്യകൾ വ്യാപകമായി നടപ്പിലാക്കുന്നത് ഈ വളർച്ചയ്ക്ക് വേഗം കൂട്ടും.ഖത്തർ നാഷണൽ വിഷൻ 2030-ന്റെ ഭാഗമായി വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിന്റെ ഭാഗമായാണ് ഈ നിക്ഷേപങ്ങൾ.ഖത്തർ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിയുടെ കീഴിലുള്ള 'Qai' എന്ന സ്ഥാപനം അത്യാധുനിക എ.ഐ ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്നു.അമേരിക്കൻ എ.ഐ കമ്പനിയായ 'ആന്ത്രോപ്പിക്കിൽ' (Anthropic) 13 ബില്യൺ ഡോളറിന്റെ നിക്ഷേപം ഖത്തർ നടത്തിയിട്ടുണ്ട്.
ബ്രൂക്ക്‌ഫീൽഡുമായി ചേർന്ന് നടപ്പിലാക്കുന്ന 20 ബില്യൺ ഡോളറിന്റെ പദ്ധതിയിലൂടെ ഖത്തറിലും വിദേശത്തും ഹൈ-പെർഫോമൻസ് ഡാറ്റാ സെന്ററുകൾ സ്ഥാപിക്കും.











