
ദോഹ: ഖത്തറിലെ പൊതു ഭരണ സംവിധാനത്തെ കൂടുതൽ ആധുനികവും കാര്യക്ഷമവുമാക്കാനുള്ള ലക്ഷ്യത്തോടെ, വിപുലമായ ഭരണപരിഷ്കാര പാക്കേജ് ഖത്തർ സർക്കാർ പ്രഖ്യാപിച്ചു. പൊതു മേഖലയുടെ കാര്യക്ഷമത വർധിപ്പിക്കുകയും, മികച്ച പ്രകടനത്തിന് പ്രോത്സാഹനം നൽകുകയും, സ്വകാര്യ മേഖലയുടെ പങ്കാളിത്തം ശക്തിപ്പെടുത്തുകയും ചെയ്യുന്ന തരത്തിലാണ് ഈ പരിഷ്കാരങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
നീതിന്യായ മന്ത്രിയും മന്ത്രിസഭാ കാര്യങ്ങളുടെയും മന്ത്രിയുമായ ഇബ്രാഹിം ബിൻ അലി അൽ മുഹന്നദി, ബുധനാഴ്ച നടന്ന ആദ്യ മന്ത്രിസഭാ ബ്രീഫിംഗിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ചൊവ്വാഴ്ച സിവിൽ ഹ്യൂമൻ റിസോഴ്സസ് നിയമത്തിലെ ഭേദഗതികളും അതിന്റെ എക്സിക്യൂട്ടീവ് റെഗുലേഷൻസും അംഗീകരിച്ചതായി അദ്ദേഹം അറിയിച്ചു. അതോടൊപ്പം, പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ബിൻ ജാസിം അൽ താനി സർക്കാരിനുള്ളിൽ ജോലി സ്വഭാവാനുസൃത അലവൻസുകൾ സംബന്ധിച്ച തീരുമാനം പുറപ്പെടുവിച്ചു.
പുതിയ നിയമ ഭേദഗതികൾ പ്രകാരം പ്രവർത്തനമികവിനും പ്രതിബദ്ധതയ്ക്കുമനുസരിച്ച് പ്രോത്സാഹനങ്ങൾ ലഭ്യമാക്കും. എല്ലാ നടപടികളും വസ്തുനിഷ്ഠമായ, അളക്കാവുന്ന മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാവും നടപ്പാക്കുകയെന്ന്അൽ മുഹന്നദി വ്യക്തമാക്കി. മനുഷ്യ മൂലധനത്തിൽ നിക്ഷേപം നടത്തിയും അതിനെ ജ്ഞാനാധിഷ്ഠിതവും മത്സരാധിഷ്ഠിതവുമായ സാമ്പത്തിക വ്യവസ്ഥയിലേക്കു സജ്ജമാക്കിയും വികസനം മുന്നോട്ടുകൊണ്ടുപോകാനാണ് സർക്കാരിന്റെ ലക്ഷ്യമെന്നുംഅദ്ദേഹം വ്യക്തമാക്കി.
മൂന്നാമത്തെ ദേശീയ വികസന തന്ത്രത്തിന്റെ ലക്ഷ്യങ്ങൾ കൈവരിക്കാൻ, മന്ത്രിസഭ സാമൂഹികവും സാമ്പത്തികവുമായ മേഖലകളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജീവിത നിലവാരം മെച്ചപ്പെടുത്തൽ സർക്കാർ മുൻഗണനകളിൽ ഒന്നായി തുടരുമെന്നും, ആരോഗ്യവും വിദ്യാഭ്യാസവും ഉൾപ്പെടെയുള്ള അടിസ്ഥാന സേവനങ്ങളുടെ നിലവാരം ഉയർത്തുന്ന നയങ്ങൾ രൂപപ്പെടുത്തുമെന്നും അൽ മുഹന്നദി പറഞ്ഞു. കൂടാതെ, സാമൂഹിക ഐക്യവും കുടുംബത്തിന്റെ പങ്കും ശക്തിപ്പെടുത്തുന്ന സാമൂഹിക വികസന പദ്ധതികൾക്കും മന്ത്രിസഭ പ്രാധാന്യം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
സാമ്പത്തിക മേഖലയിലും സ്വകാര്യ മേഖലയെ രാജ്യത്തിന്റെ വികസന യാത്രയിലെ തന്ത്രപരമായ പങ്കാളിയായി സജീവമായി ഉൾപ്പെടുത്തുക എന്നതാണ് മന്ത്രിസഭയുടെ മറ്റൊരു പ്രധാന ലക്ഷ്യം.
നിക്ഷേപ സൗഹൃദ അന്തരീക്ഷം, പുതുമകൾക്ക് പ്രോത്സാഹനം, ദീർഘകാല സാമ്പത്തിക സുസ്ഥിരത എന്നിവ ഉറപ്പാക്കുന്ന നയങ്ങളിലൂടെ, ഖത്തർ ശക്തമായ സമ്പദ്വ്യവസ്ഥയിലേക്കാണ് മുന്നേറുന്നത് എന്നും മന്ത്രി വ്യക്തമാക്കി.











