10:26pm 12 November 2026
NEWS
പ്രതിസന്ധികളെ നേരിടുന്നതിൽ ഖത്തർ മാതൃക; കാര്യക്ഷമതയും സുതാര്യതയും വിജയമെന്ന് നീതിന്യായ മന്ത്രി
29/03/2026  05:37 PM IST
nila
പ്രതിസന്ധികളെ നേരിടുന്നതിൽ ഖത്തർ മാതൃക; കാര്യക്ഷമതയും സുതാര്യതയും വിജയമെന്ന് നീതിന്യായ മന്ത്രി

​ദോഹ: മേഖലയിലെ അസാധാരണമായ സാഹചര്യങ്ങളിലും വെല്ലുവിളികളിലും തികഞ്ഞ കാര്യക്ഷമതയോടും സുതാര്യതയോടും കൂടിയാണ് ഖത്തർ ഭരണകൂടം നിലവിലെ പ്രതിസന്ധികളെ കൈകാര്യം ചെയ്തതെന്ന് നീതിന്യായ മന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഇബ്രാഹിം ബിൻ അലി അൽ മുഹന്നദി പ്രസ്താവിച്ചു. അമീർ ഹിസ് ഹൈനസ് ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ ജാഗ്രതയോടെയുള്ള നേതൃത്വത്തിന് കീഴിൽ രാജ്യം സുരക്ഷിതമാണെന്ന് അദ്ദേഹം ഖത്തർ ടിവിക്ക് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.പ്രതിസന്ധിയുടെ പ്രാരംഭ ഘട്ടത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നീക്കി, ഞായറാഴ്ച (ഇന്ന്) മുതൽ രാജ്യത്തെ സ്കൂളുകൾ നേരിട്ടുള്ള അധ്യയനത്തിലേക്ക് മടങ്ങുകയാണ്. സർക്കാർ ഓഫീസുകൾ 100 ശതമാനം ഹാജരോടെ പൂർണ്ണതോതിൽ പ്രവർത്തനം പുനരാരംഭിക്കുമെന്നും മന്ത്രി അറിയിച്ചു. സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് ഈ തീരുമാനമെടുത്തത്.നേരത്തെ നടപ്പിലാക്കിയ ശക്തമായ ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ (Digital Infrastructure) പ്രതിസന്ധി ഘട്ടത്തിലും സേവനങ്ങൾ തടസ്സമില്ലാതെ നൽകാൻ സഹായിച്ചു. ആഭ്യന്തര മന്ത്രാലയത്തിന്റെ മെട്രാഷ് (Metrash) ഉൾപ്പെടെയുള്ള പ്ലാറ്റ്‌ഫോമുകളിലൂടെ 480-ലധികം സേവനങ്ങൾ സുഗമമായി ലഭ്യമായത് ഇതിന് ഉദാഹരണമാണ്.
സർക്കാരിന്റെ തീരുമാനങ്ങൾ പെട്ടെന്നുണ്ടാകുന്ന പ്രതികരണങ്ങളല്ല, മറിച്ച് മുൻകൂട്ടി തയ്യാറാക്കിയ 'ബിസിനസ് കണ്ടിന്യൂയിറ്റി' (Business Continuity) പദ്ധതികളുടെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞു. റമദാൻ തുടക്കത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ നടപ്പിലാക്കിയ റിമോട്ട് വർക്ക് രീതികൾ പ്രതിസന്ധി ഘട്ടത്തിൽ ഉൽപ്പാദനക്ഷമത കുറയാതെ നടപ്പിലാക്കാൻ സാധിച്ചു.
ഖത്തർ നാഷണൽ വിഷൻ 2030, മൂന്നാം ദേശീയ വികസന തന്ത്രം എന്നിവയുടെ അടിസ്ഥാനത്തിൽ സാമ്പത്തിക വൈവിധ്യവൽക്കരണവും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കി നാല് ശതമാനം സാമ്പത്തിക വളർച്ച കൈവരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
​പ്രതിസന്ധി ഘട്ടത്തിൽ സിവിൽ ഡിഫൻസ് കൗൺസിൽ നൽകിയ നിർദ്ദേശങ്ങൾ പാലിച്ചും സുരക്ഷാ ഏജൻസികളോട് സഹകരിച്ചും മാതൃകാപരമായ ജാഗ്രത കാണിച്ച പൊതുജനങ്ങളെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. ആരോഗ്യ, വിദ്യാഭ്യാസ, ഊർജ്ജ, ഗതാഗത മേഖലകളിലെ സേവനങ്ങൾ തടസ്സമില്ലാതെ ഉറപ്പാക്കുന്നതിനാണ് മന്ത്രിസഭ ഇപ്പോൾ മുൻഗണന നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img