
ദോഹ: പ്രകൃതിയുടെ പച്ചപ്പും വന്യജീവി സമ്പത്തും കാത്തുസൂക്ഷിക്കുന്നതിൽ പുതിയ ചരിത്രമെഴുതി ഖത്തർ. രാജ്യത്തിന്റെ സമ്പന്നമായ ജൈവവൈവിധ്യം ശാസ്ത്രീയമായി രേഖപ്പെടുത്തുന്ന 'നാഷണൽ ബയോഡൈവേഴ്സിറ്റി ഡാറ്റാബേസ്' വഴി വന്യജീവി സംരക്ഷണത്തിൽ ഖത്തർ ലോകത്തിന് തന്നെ മാതൃകയാവുകയാണ്. വർഷങ്ങൾ നീണ്ട നിരീക്ഷണങ്ങൾക്കൊടുവിൽ തയ്യാറാക്കിയ ഈ വിപുലമായ വിവരശേഖരത്തിൽ 2,567-ലധികം ജീവിവർഗങ്ങളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
ശാസ്ത്രീയമായ കൃത്യതയോടെ തയ്യാറാക്കിയ ഈ ഡാറ്റാബേസ് ഖത്തറിന്റെ പരിസ്ഥിതി സന്തുലിതാവസ്ഥ ഉറപ്പുവരുത്തുന്നതിൽ നിർണ്ണായക പങ്കുവഹിക്കുന്നു.1,027 ഇനം കരഭൂമിയിലെ സസ്യങ്ങൾ,390 ഇനം പക്ഷികൾ,36 ഇനം സസ്തനികൾ, 42 ഇനം ഉരഗങ്ങൾ,59 ഇനം മത്സ്യങ്ങൾ,524 ഇനം അകശേരുക്കൾ എന്നിങ്ങനെയാണ് ഡാറ്റാബേസിലെ കണക്കുകൾ വ്യക്തമാക്കുന്നത്.വെറുമൊരു വിവരശേഖരം എന്നതിലുപരി, പരിസ്ഥിതിയുമായി ബന്ധപ്പെട്ട നയരൂപീകരണത്തിൽ ഈ ഡാറ്റാബേസ് ഒരു വഴികാട്ടിയായി പ്രവർത്തിക്കുന്നു. വംശനാശഭീഷണി നേരിടുന്ന ജീവികളുടെ സംരക്ഷണം, ആവാസവ്യവസ്ഥയുടെ മാറ്റങ്ങൾ, വികസന പദ്ധതികൾ പരിസ്ഥിതിയെ എങ്ങനെ ബാധിക്കുന്നു തുടങ്ങിയ കാര്യങ്ങളിൽ ശാസ്ത്രീയമായ തെളിവുകൾ നൽകാൻ ഇതിലൂടെ സാധിക്കുന്നു. ജൈവവൈവിധ്യത്തെക്കുറിച്ചുള്ള അന്താരാഷ്ട്ര കൺവെൻഷനുകളിലും ഖത്തറിന്റെ ഈ മുന്നേറ്റം വലിയ അംഗീകാരമാണ് നേടുന്നത്.അൽ റീം ബയോസ്ഫിയർ റിസർവ്,
അൽ തഖീറ നേച്ചർ റിസർവ്,
അൽ ഷഹാനിയ റിസർവ് എന്നീ സംരക്ഷണ കേന്ദ്രങ്ങൾ കൂടുതൽ സജീവമാക്കിയിട്ടുണ്ട്.അറേബ്യൻ ഒറിക്സുകളുടെ (Arabian Oryx) വംശവർദ്ധനവിനായി പ്രത്യേക പദ്ധതികൾ ആവിഷ്കരിച്ചതിനൊപ്പം, കടലാമകൾ (Hawksbill Sea Turtle), ഡുഗോംഗുകൾ (Dugong), വേൽ ഷാർക്കുകൾ എന്നിവയുടെ സംരക്ഷണത്തിനും രാജ്യം വലിയ മുൻഗണനയാണ് നൽകുന്നത്.
റീജിയണൽ ഹബ്ബ് എന്ന നിലയിൽ ഗൾഫ് മേഖലയിലെ മറ്റ് രാജ്യങ്ങൾക്കും ഈ വിവരങ്ങൾ വരുംകാലങ്ങളിൽ വലിയ സഹായകമാകും. മണൽവൽക്കരണത്തെ തടയാനും കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനുമുള്ള ഖത്തറിന്റെ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളുടെ സാക്ഷ്യപത്രമാണ് ഈ ദേശീയ ജൈവവൈവിധ്യ ഡാറ്റാബേസ്.











