
ലണ്ടൻ/ദോഹ: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഖത്തറിന് നേരെയുണ്ടായ ഇറാൻ ആക്രമണങ്ങളിൽ ശക്തമായ പ്രതിഷേധവും ഞെട്ടലും രേഖപ്പെടുത്തി ബ്രിട്ടീഷ് ഹൗസ് ഓഫ് ലോർഡ്‌സ് അംഗം ലോർഡ് ഉഡ്‌നി ലിസ്റ്റർ. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഖത്തർ നടത്തിയ അശ്രാന്ത പരിശ്രമങ്ങൾക്ക് പകരമായി ഇത്തരം ആക്രമണങ്ങൾ ഒട്ടും പ്രതീക്ഷിച്ചതല്ലെന്ന് അദ്ദേഹം പറഞ്ഞു.
ഖത്തർ വാർത്താ ഏജൻസിയോട് (QNA) സംസാരിക്കവെയാണ് അദ്ദേഹം ബ്രിട്ടന്റെ പിന്തുണ അറിയിച്ചത്.
സമാധാനത്തിന് വേണ്ടി നിരന്തരം നിലകൊള്ളുന്ന ഖത്തറിന് നേരെ ഇറാൻ നടത്തുന്ന നഗ്നമായ ആക്രമണങ്ങൾ ഖത്തറിന്റെ സുഹൃദ് രാജ്യങ്ങളെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.
മേഖലയിലെ വിവിധ തർക്കങ്ങളിൽ ക്രിയാത്മകമായ മധ്യസ്ഥത വഹിക്കുന്ന ദോഹയുടെ പരിശ്രമങ്ങൾക്കെതിരായ നീക്കമാണിത്. ഇത്തരം നടപടികൾ മേഖലയിലെ സമാധാനാന്തരീക്ഷത്തെ തകർക്കും.ഈ പ്രതിസന്ധി ഘട്ടത്തിൽ ബ്രിട്ടൻ ഖത്തറിനൊപ്പം ഉറച്ചുനിൽക്കുന്നു. ഖത്തറിന്റെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.











