
ദോഹ: ഊർജ്ജ മേഖലയ്ക്കപ്പുറം വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കുന്നതിൻ്റെ ഭാഗമായി ഖത്തർ സാങ്കേതിക മേഖലയിൽ വൻ നിക്ഷേപം നടത്തുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സാങ്കേതിക വിദ്യയിലുള്ള ഖത്തറിൻ്റെ നിക്ഷേപത്തിൽ 400 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. പ്രതിവർഷം ശരാശരി 7 മുതൽ 8 ബില്യൺ ഡോളർ വരെയാണ് ഈ മേഖലയിൽ ഖത്തർ നിക്ഷേപിക്കുന്നത്.ദോഹയുടെ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (AI) പദ്ധതികളുടെ മൂല്യം മാത്രം 25 ബില്യൺ ഡോളറിലെത്തി. ഡിജിറ്റൽ അടിസ്ഥാന സൗകര്യ വികസനത്തിനായി 3 ബില്യൺ ഡോളറിൻ്റെ വിദേശ പങ്കാളിത്തവും നിക്ഷേപകർക്കായി 1 ബില്യൺ ഡോളറിൻ്റെ ഇൻസെന്റീവ് പ്രോഗ്രാമുകളും ഖത്തർ നടപ്പിലാക്കുന്നുണ്ട്. വരും വർഷങ്ങളിൽ രാജ്യത്തിൻ്റെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിൻ്റെ (GDP) 10 ശതമാനവും സാങ്കേതിക മേഖലയിൽ നിന്നാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 300-ലധികം സ്റ്റാർട്ടപ്പുകൾക്ക് നിലവിൽ ഖത്തർ പിന്തുണ നൽകുന്നുണ്ട്.











