
ദോഹ:വിമാനയാത്രകളിൽ ലിഥിയം ബാറ്ററികൾ അടങ്ങിയ പവർ ബാങ്കുകൾ കൊണ്ടുപോകുന്നതിന് ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. രാജ്യാന്തര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ICAO), ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (IATA) എന്നിവയുടെ ഏറ്റവും പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ മുൻനിർത്തിയാണ് ഖത്തറിന്റെ ഈ നടപടി.
പുതിയ നിയമപ്രകാരം ഒരു യാത്രക്കാരന് പരമാവധി രണ്ട് പവർ ബാങ്കുകൾ മാത്രമേ കൈവശം വെക്കാൻ അനുവാദമുള്ളൂ. ഇവ ഓരോന്നിന്റെയും ശേഷി 100 വാട്ട്-അവറിൽ (100Wh) കൂടാനും പാടില്ല.
ലിഥിയം ബാറ്ററികൾ ഉയർത്തുന്ന സുരക്ഷാ ഭീഷണികൾ കണക്കിലെടുത്ത്, പവർ ബാങ്കുകൾ യാത്രക്കാർ ഒപ്പം കരുതുന്ന ക്യാബിൻ ബാഗേജിൽ (ഹാൻഡ് ലഗേജ്) മാത്രമേ അനുവദിക്കൂ. വിമാനത്തിന്റെ താഴത്തെ അറയിലേക്ക് നൽകുന്ന ചെക്ക്ഡ് ലഗേജുകളിൽ പവർ ബാങ്കുകൾ സൂക്ഷിക്കുന്നത് കർശനമായി നിരോധിച്ചിട്ടുണ്ടെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി വ്യക്തമാക്കി. സുരക്ഷിതമായ വിമാനയാത്ര ഉറപ്പാക്കാൻ യാത്രക്കാർ ഈ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.










