
ദോഹ: 2026-ലെ ഖത്തർ ഇന്റർനാഷണൽ ബാജ റാലിയിൽ ഖത്തറിന്റെ ഇതിഹാസ താരം നാസർ സ്വാലിഹ് അൽ അത്തിയ്യയ്ക്കും പോളണ്ടിന്റെ മോട്ടോർസൈക്കിൾ താരം കോൺറാഡ് ദാബ്രോവ്സ്കിക്കും ഉജ്ജ്വല വിജയം. വിജയത്തോടെ എഫ്.ഐ.എ (FIA) മിഡിൽ ഈസ്റ്റ് ബാജ കപ്പ് ചാമ്പ്യൻഷിപ്പ് കിരീടം നാസർ അൽ അത്തിയ്യയും ഫ്രഞ്ച് നാവിഗേറ്റർ മാക്സ് ഡെൽഫിനോയും സ്വന്തമാക്കി.
ഫ്രഞ്ച് താരം മാക്സ് ഡെൽഫിനോയോടൊപ്പം ഓപ്റ്റിമസ് എം.ഡി റാലി കാറിൽ മത്സരിച്ച അൽ അത്തിയ്യ 29 മിനിറ്റ് 08.7 സെക്കൻഡിന്റെ കൂറ്റൻ ലീഡോടെയാണ് ഒന്നാമതെത്തിയത്. സ്വന്തം നാട്ടിൽ നാസർ അൽ അത്തിയ്യ നേടുന്ന 13-ാമത് ബാജ റാലി കിരീടമാണിത്. റേസിൽ രണ്ടാം സ്ഥാനം നേടിയ ഫ്രാൻസിസ്കോ ബാരെറ്റോ എഫ്.ഐ.എ വേൾഡ് ബാജ കപ്പ് പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. ഖത്തറിന്റെ അബ്ദുൽ അസീസ് അൽ കുവാരിയും ഒറിയോൾ മെനയും അടങ്ങുന്ന സംഘം മൂന്നാം സ്ഥാനം കരസ്ഥമാക്കി.
മോട്ടോർസൈക്കിൾ വിഭാഗത്തിൽ തുടർച്ചയായ നാലാം തവണയും ചാമ്പ്യനായി പോളിഷ് താരം കോൺറാഡ് ദാബ്രോവ്സ്കി ചരിത്രം കുറിച്ചു (2022, 2023, 2025, 2026). 5 മിനിറ്റ് 12 സെക്കൻഡിന്റെ ലീഡിലാണ് ദാബ്രോവ്സ്കി വിജയം ഉറപ്പിച്ചത്. ബ്രിട്ടന്റെ അലക്സ് മക്കിൻസ് രണ്ടാമതും ഫ്രാൻസിന്റെ റൊമെയ്ൻ ഡുമൊണ്ടിയർ മൂന്നാമതുമെത്തി. ക്വാഡ് (Quad) വിഭാഗത്തിൽ യു.എ.ഇയുടെ ഖലീഫ അൽ ബസ്താക്കി യമഹ ബൈക്കിൽ ജേതാവായി.
അടുത്ത വാരാന്ത്യത്തിൽ യു.എ.ഇയിൽ നടക്കുന്ന ദുബായ് ഇന്റർനാഷണൽ ബാജയിലാണ് ചാമ്പ്യൻഷിപ്പിന്റെ അടുത്ത റൗണ്ട് മത്സരങ്ങൾ അരങ്ങേറുന്നത്.










