01:54pm 09 November 2026
NEWS
ഫാദർ അമീറിന്റെ നിര്യാണത്തിൽ ഖത്തർ ഇന്ത്യൻ മീഡിയ ഫോറം അനുശോചിച്ചു
13/07/2026  09:06 PM IST
nila
ഫാദർ അമീറിന്റെ നിര്യാണത്തിൽ ഖത്തർ ഇന്ത്യൻ മീഡിയ ഫോറം അനുശോചിച്ചു

 


​ദോഹ: ഖത്തറിന്റെ ആധുനികവൽക്കരണത്തിന്അടിത്തറയിടുകയും ആഗോള മാധ്യമ ഭൂപടത്തിൽ രാജ്യത്തെ മുൻനിരയിലെത്തിക്കുകയും ചെയ്ത ഫാദർ അമീർ ശൈഖ് ഹമദ് ബിൻ ഖലീഫ അൽഥാനിയുടെ നിര്യാണത്തിൽ ഖത്തർ ഇന്ത്യൻ മീഡിയ ഫോറം (IMF) അനുശോചനം രേഖപ്പെടുത്തി.
​അറബ് ലോകത്ത് മാത്രമല്ല, ആഗോളതലത്തിൽ തന്നെ മാധ്യമസ്വാതന്ത്ര്യത്തിന്റെയും നിർഭയ പത്രപ്രവർത്തനത്തിന്റെയും പുതിയ മുഖമായി മാറിയ 'അൽജസീറ' വാർത്താ ശൃംഖലയുടെ ഉത്ഭവത്തിന് കാരണക്കാരനായ ദീർഘദർശിയായ ഭരണാധികാരിയായിരുന്നു ഫാദർ അമീർ എന്ന് മീഡിയ ഫോറം അനുശോചന സന്ദേശത്തിൽ അനുസ്മരിച്ചു.
​"അൽജസീറയുടെ രൂപീകരണത്തിലൂടെ മിഡിൽ ഈസ്റ്റിലെ മാധ്യമ സംസ്കാരത്തെത്തന്നെ അദ്ദേഹം തിരുത്തിക്കുറിച്ചു. ലോകത്തെവിടെയുമുള്ള പാർശ്വവൽക്കരിക്കപ്പെട്ടവരുടെ ശബ്ദമായി അൽജസീറയെ മാറ്റിയെടുക്കാൻ ഫാദർ അമീർ നൽകിയ നിർഭയമായ പിന്തുണയും ദീർഘവീക്ഷണവും മാധ്യമ ചരിത്രത്തിൽ സുവർണ്ണാക്ഷരങ്ങളാൽ രേഖപ്പെടുത്തപ്പെട്ടതാണെന്ന്ഇന്ത്യൻ മീഡിയ ഫോറം അനുശോചന സന്ദേശത്തിൽ പറഞ്ഞു.
​ഖത്തറിനെ ഒരു ആധുനിക നയതന്ത്ര-സാമ്പത്തിക ശക്തിയാക്കി മാറ്റുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് വിസ്മരിക്കാനാവാത്തതാണ്. പ്രവാസി സമൂഹത്തോട്, പ്രത്യേകിച്ച് ഇന്ത്യൻ സമൂഹത്തോട് അദ്ദേഹം പുലർത്തിയിരുന്ന സ്നേഹവും കരുതലും നന്ദിയോടെ സ്മരിക്കുന്നുവെന്നും അദ്ദേഹത്തിന്റെ വേർപാടിൽ ഖത്തറിലെ ഭരണാധികാരികൾക്കും ജനങ്ങൾക്കും ഒപ്പം പ്രവാസി മാധ്യമപ്രവർത്തകരും പങ്കുചേരുന്നുവെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img