
ദോഹ: ലോകത്തെ പ്രമുഖ സൈനിക-ഇൻഫൻട്രി ബാന്റുകളെ അണിനിരത്തിക്കൊണ്ടുള്ള 'ദോഹ അന്താരാഷ്ട്ര സൈനിക സംഗീത-ഇൻഫൻട്രി ഫെസ്റ്റിവലിന്റെ' (ദോഹ ടാറ്റൂ) രണ്ടാം പതിപ്പിന് ഖത്തർ ഒരുങ്ങുന്നു. അച്ചടക്കം, കൃത്യത, കൂട്ടായ്മ എന്നിവ വിളിച്ചോതുന്ന സൈനിക സംഗീതത്തിന്റെയും കലാപരമായ പ്രകടനങ്ങളുടെയും അപൂർവ്വ സംഗമമാണ് ഈ മേള.
കഴിഞ്ഞ വർഷം കത്താറ സാംസ്കാരിക ഗ്രാമത്തിൽ നടന്ന മേളയുടെ കന്നിപ്പതിപ്പിന്റെ മികച്ച വിജയത്തെത്തുടർന്നാണ് രണ്ടാം പതിപ്പ് സംഘടിപ്പിക്കുന്നതെന്ന് ആഭ്യന്തര മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. ആദ്യ പതിപ്പിൽ ഖത്തർ, യുകെ, യുഎസ്എ, തുർക്കി, ജോർദാൻ, ഒമാൻ, കസാഖിസ്ഥാൻ എന്നീ 7 രാജ്യങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്തിരുന്നു.
പരമ്പരാഗത സൈനിക സംഗീതവും ആധുനിക സംഗീത ശൈലികളും കോർത്തിണക്കിയുള്ള പ്രകടനങ്ങളും അതോടൊപ്പം ഉന്നത ഏകോപനവും നൈപുണ്യവും ആവശ്യമായ ഇൻഫൻട്രി പരേഡുകളും ഫീൽഡ് ഫോർമേഷനുകളും ഇത്തവണയും കാണികൾക്കായി ഒരുക്കും. പാരമ്പര്യവും അന്താരാഷ്ട്ര സംഗീത കലകളും സമന്വയിക്കുന്ന മേള പങ്കെടുക്കുന്ന രാജ്യങ്ങളുടെ സാംസ്കാരിക വൈവിധ്യം വെളിവാക്കുന്ന വേദികൂടിയാണ്.
രാജ്യാന്തര ഇവന്റുകളുടെ പ്രമുഖ കേന്ദ്രമെന്ന നിലയിൽ ദോഹയുടെ സ്ഥാനം ഉറപ്പിക്കാനും, സാംസ്കാരിക-ടൂറിസം മേഖലകളെ പ്രോത്സാഹിപ്പിക്കാനും വിവിധ രാജ്യങ്ങളിലെ ബാന്റുകൾ തമ്മിലുള്ള സഹകരണം വളർത്താനും മേള ലക്ഷ്യമിടുന്നു. വലിയ രാജ്യാന്തര പരിപാടികൾ വിജയകരമായി സംഘടിപ്പിക്കാനുള്ള ഖത്തറിന്റെ മികവും അടിസ്ഥാന സൗകര്യങ്ങളും എടുത്തുകാണിക്കുന്നതാണ് ദോഹ ടാറ്റൂ ഫെസ്റ്റിവൽ.











