
ദോഹ:ചരിത്രത്തിലാദ്യമായി സ്വന്തം മണ്ണിലല്ലാതെ ഒരു ലോകകപ്പ് കളിക്കാനൊരുങ്ങുന്ന ഖത്തർ ദേശീയ ഫുട്ബോൾ ടീം കനത്ത തയ്യാറെടുപ്പുകളിൽ. അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന 2026 ഫിഫ ലോകകപ്പിനായി 12 പുതുമുഖങ്ങളുൾപ്പെടുന്ന കരുത്തുറ്റ യുവനിരയെയാണ് ഖത്തർ സജ്ജമാക്കിയിരിക്കുന്നത്. ജൂൺ 11 മുതൽ ജൂലൈ 19 വരെയാണ് ആഗോള ഫുട്ബോൾ മാമാങ്കം അരങ്ങേറുന്നത്.
ടൂർണമെന്റിൽ ഗ്രൂപ്പ് 'ബി'യിലാണ് ഏഷ്യൻ ചാമ്പ്യന്മാരായ ഖത്തർ മത്സരിക്കുന്നത്. ജൂൺ 13-ന് സാൻ ഫ്രാൻസിസ്കോയിൽ സ്വിറ്റ്സർലൻഡിനെതിരെയാണ് ഖത്തറിന്റെ ആദ്യ പോരാട്ടം. തുടർന്ന് ജൂൺ 18-ന് വാൻകൂവറിൽ കാനഡയെയും, ജൂൺ 24-ന് സിയാറ്റിലിൽ ബോസ്നിയ ആൻഡ് ഹെർസഗോവിനയെയും ഖത്തർ നേരിടും.മുഖ്യപരിശീലകൻ ജുലൻ ലോപെറ്റെഗി യുവതലമുറയിൽ പൂർണ്ണ വിശ്വാസമർപ്പിച്ചാണ് ടീമിനെ പ്രഖ്യാപിച്ചിരിക്കുന്നത്. 2022-ൽ ഖത്തറിൽ നടന്ന ലോകകപ്പ് ടീമിൽ ഇല്ലാതിരുന്ന 12 കളിക്കാരാണ് ഇത്തവണ ലോകകപ്പ് അരങ്ങേറ്റത്തിനൊരുങ്ങുന്നത്.ഗോൾകീപ്പർമാരായ സലാ സക്കറിയ, മുഹമ്മദ് അബുനാദ എന്നിവർക്ക് പുറമെ അഹമ്മദ് അൽ ജനാഹി, അഹമ്മദ് ഫത്ഹി, എഡ്മിൽസൺ ജൂനിയർ, അൽ ഹാഷ്മി അൽ ഹുസൈൻ, അയൂബ് അൽ അലാവി, തഹ്സീൻ മുഹമ്മദ്, സുൽത്താൻ അൽ ബ്രേക്ക്, ഇസ്സ ലായെ, മുഹമ്മദ് മനായ്, യൂസഫ് അബ്ദുരിസാഗ് എന്നിവരാണ് ടീമിലിടം നേടിയ പുതിയ താരങ്ങൾ.
അനുഭവസമ്പത്തുള്ള മുതിർന്ന താരങ്ങളും പുതിയ ചോരയും തമ്മിലുള്ള മികച്ചൊരു കൂട്ടുകെട്ടാണ് ഖത്തർ ഇത്തവണ ലക്ഷ്യമിടുന്നത്. ഏഷ്യൻ പ്ലേ-ഓഫ് ഘട്ടത്തിലൂടെയാണ് ഖത്തർ ലോകകപ്പ് യോഗ്യത ഉറപ്പാക്കിയത്. ഈ യോഗ്യതാ മത്സരങ്ങളിലും, ഒപ്പം 2023-ലെ ഏഷ്യാ കപ്പ് കിരീടം നിലനിർത്തുന്നതിലും ഈ യുവതാരങ്ങളിൽ പലരും നിർണ്ണായക പങ്കുവഹിച്ചിരുന്നു.ലോകകപ്പിന് മുന്നോടിയായുള്ള അവസാനവട്ട പരിശീലന ക്യാമ്പ് നിലവിൽ ഖത്തർ ടീം അമേരിക്കയിൽ ആരംഭിച്ചുകഴിഞ്ഞു. മെയ് 28-ന് റിപ്പബ്ലിക് ഓഫ് അയർലൻഡിനെതിരെ ഖത്തർ സൗഹൃദ മത്സരം കളിച്ചിരുന്നു. ജൂൺ 6-ന് ലോസ് ആഞ്ചലസിൽ എൽ സാൽവദോറിനെതിരെ നടക്കുന്ന അവസാന വാം-അപ്പ് മത്സരത്തിന് ശേഷം ടീം പൂർണ്ണമായും ലോകകപ്പ് പോരാട്ടങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കും.
ആഭ്യന്തര-ഭൂഖണ്ഡാന്തര മത്സരങ്ങളിൽ കളിച്ചുള്ള പരിചയസമ്പത്തുമായി എത്തുന്ന യുവനിര, ലോകകപ്പ് വേദിയിൽ ഖത്തറിന് കൂടുതൽ വേഗതയും ഊർജ്ജവും പകരുമെന്നാണ് കായികലോകം വിലയിരുത്തുന്നത്.










