
ദോഹ: ഖത്തർ നാഷണൽ വിഷൻ 2030-ന്റെ ഭാഗമായി രാജ്യത്ത് വൻതോതിലുള്ള വികസന കുതിപ്പുമായി നഗരസഭാ മന്ത്രാലയം. 2025-ലെ വാർഷിക റിപ്പോർട്ട് പ്രകാരം, 51 റോഡ് സൗന്ദര്യവൽക്കരണ പദ്ധതികളും 12 പുതിയ പാർക്കുകളും മന്ത്രാലയം വിജയകരമായി പൂർത്തിയാക്കി. സുസ്ഥിര വികസനവും നഗരസഭാ സേവനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും മുൻഗണന നൽകുന്ന റിപ്പോർട്ടാണ് മന്ത്രാലയം പുറത്തുവിട്ടത്.കെട്ടിട നിർമ്മാണ അനുമതികൾ വേഗത്തിലാക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അധിഷ്ഠിത സംവിധാനം മന്ത്രാലയം നടപ്പിലാക്കി. 2025 ഒക്ടോബറിൽ സമാരംഭിച്ച ഈ സിസ്റ്റം വഴി റെസിഡൻഷ്യൽ വില്ലകളുടെ പെർമിറ്റുകൾ ഇനി മുതൽ ഒരു ദിവസത്തിനുള്ളിൽ ലഭ്യമാകും. ഇതിനായി 10 സാങ്കേതിക ഗൈഡുകളും മന്ത്രാലയം പുറത്തിറക്കിയിട്ടുണ്ട്. 'ജദാര' (Jadara) എന്ന പേരിൽ സുസ്ഥിര കെട്ടിട നിർമ്മാണ പദ്ധതിക്കായുള്ള പ്രത്യേക മാർഗ്ഗരേഖയും മന്ത്രാലയം അവതരിപ്പിച്ചു.രാജ്യത്തെ മാലിന്യ സംസ്കരണ സംവിധാനം കൂടുതൽ ആധുനികവൽക്കരിക്കുന്നതിന്റെ ഭാഗമായി ലാൻഡ്‌ഫിൽ പ്രോജക്റ്റിൽ മൂന്ന് ലക്ഷം ചതുരശ്ര മീറ്റർ ഖനന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. നിലവിൽ 85-ലധികം സൈറ്റുകൾ സെൻട്രൽ ഓപ്പറേഷൻ റൂമുമായി ബന്ധിപ്പിച്ച് ക്യാമറ നിരീക്ഷണത്തിലാണ്.
പൊതു പാർക്കുകളിലെ ക്യാമറ നിരീക്ഷണം 87 ശതമാനവും നഗരസഭകളിലെ നിരീക്ഷണ സംവിധാനങ്ങൾ 92 ശതമാനവും പൂർത്തിയായിക്കഴിഞ്ഞു.
ഒരു ലക്ഷം ടണ്ണിലധികം മാലിന്യങ്ങൾ നീക്കം ചെയ്യുകയും ശുചിത്വ പരിപാലനത്തിനായി 27,908 കണ്ടെയ്‌നറുകൾ വിതരണം ചെയ്യുകയും ചെയ്തു.പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള 'വേസ്റ്റ് ടു എനർജി' (മാലിന്യത്തിൽ നിന്ന് ഊർജ്ജം) പദ്ധതിയുടെ ടെണ്ടർ നടപടികൾ ആരംഭിച്ചു.കെട്ടിടങ്ങളുടെ ഘടനാപരമായ സുരക്ഷിതത്വം ഉറപ്പാക്കാൻ 'സ്ട്രക്ചറൽ അസസ്‌മെന്റ് മാനുവൽ' പുറത്തിറക്കി.അഷ്ഗാൽ, കഹ്‌റാമ തുടങ്ങിയ സേവന ദാതാക്കളുടെ നിബന്ധനകൾ കൂടി ഓൺലൈൻ പോർട്ടലിൽ സംയോജിപ്പിക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
നഗരങ്ങളുടെ സൗന്ദര്യവൽക്കരണത്തിനൊപ്പം ഡിജിറ്റൽ പരിവർത്തനത്തിനും പരിസ്ഥിതി സൗഹൃദ വികസനത്തിനും ഊന്നൽ നൽകുന്നതാണ് മന്ത്രാലയത്തിന്റെ പുതിയ കർമ്മപദ്ധതികളെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.










