
ദോഹ: വിവര സുരക്ഷാ സംവിധാനങ്ങൾക്കുള്ള (Information Security Management System) അന്താരാഷ്ട്ര അംഗീകാരമായ 'ISO/IEC 27001:2022' സർട്ടിഫിക്കേഷൻ ഖത്തർ ജനറൽ അതോറിറ്റി ഓഫ് കസ്റ്റംസ് സ്വന്തമാക്കി. വിവര സംരക്ഷണവും സുരക്ഷാ വെല്ലുവിളികളെ നേരിടുന്നതിനുള്ള മാനദണ്ഡങ്ങളും കൃത്യമായി പാലിച്ചതിനെത്തുടർന്നാണ് ഈ നേട്ടം.
സൈബർ സുരക്ഷാ രംഗത്തെ അതിവേഗത്തിലുള്ള മാറ്റങ്ങൾക്കൊപ്പം സഞ്ചരിക്കാനും, അന്താരാഷ്ട്ര നിലവാരത്തിലുള്ള സുരക്ഷാ രീതികൾ നടപ്പിലാക്കി തങ്ങളുടെ ഡാറ്റാ-ഡിജിറ്റൽ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനുമുള്ള അതോറിറ്റിയുടെ നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് ഈ അംഗീകാരമെന്ന് കസ്റ്റംസ് അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.
സർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട പരിശോധനകളും വിലയിരുത്തലുകളും പൂർത്തിയായതിനെത്തുടർന്ന്, സപ്പോർട്ട് സർവീസസ് അഫയേഴ്‌സ് അസിസ്റ്റന്റ് ചെയർമാൻ അലി മുഹമ്മദ് അൽ കുബൈസി ബന്ധപ്പെട്ട ഏജൻസിയിൽ നിന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി.
വിവര സുരക്ഷാ സംവിധാനങ്ങൾക്കായുള്ള ലോകത്തിലെ ഏറ്റവും മികച്ച അന്താരാഷ്ട്ര മാനദണ്ഡങ്ങളിലൊന്നാണ് ISO/IEC 27001. സുരക്ഷാ അപകടസാധ്യതകൾ തിരിച്ചറിയാനും വിലയിരുത്താനും പരിഹരിക്കാനും ഇത് സ്ഥാപനങ്ങളെ സഹായിക്കുന്നു. വിവരങ്ങളുടെ രഹസ്യസ്വഭാവം, കൃത്യത, ലഭ്യത എന്നിവ ഉറപ്പാക്കുന്നതിലൂടെ അതോറിറ്റിയുടെ ഡിജിറ്റൽ സംവിധാനങ്ങളും ഇലക്ട്രോണിക് സേവനങ്ങളും സംരക്ഷിക്കാനും, ഏറ്റവും ഉയർന്ന സുരക്ഷയോടെ കസ്റ്റംസ് സേവനങ്ങൾ തടസ്സമില്ലാതെ തുടരാനും ഈ സർട്ടിഫിക്കേഷൻ കരുത്തേകും.










