
ദോഹ:നികുതിദായകർക്ക് ജനറൽ അതോറിറ്റി ഫോർ ടാക്സസ് ഉദ്യോഗസ്ഥരുമായി നേരിട്ട് കൂടിക്കാഴ്ച നടത്തുന്നതിനും സംശയങ്ങൾ ദുരീകരിക്കുന്നതിനുമായി പുതിയ ഓൺലൈൻ അപ്പോയിന്റ്‌മെന്റ് ബുക്കിംഗ് സേവനം ആരംഭിച്ചു. നികുതി സംബന്ധമായ വിവിധ വിഷയങ്ങളിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനും ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനുമായി ഒരുക്കിയതാണ് ഈ സംവിധാനം.
നികുതിദായകരും അതോറിറ്റിയും തമ്മിലുള്ള ആശയവിനിമയം കൂടുതൽ കാര്യക്ഷമവും സുതാര്യവുമാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കൃത്യ സമയത്ത് മുൻകൂട്ടി അപ്പോയിന്റ്‌മെന്റ് എടുക്കാനും, ബന്ധപ്പെട്ട വകുപ്പുകളിലെ വിദഗ്ദ്ധരുമായി നേരിട്ട് കാര്യങ്ങൾ ചർച്ച ചെയ്യാനും പുതിയ സേവനം സഹായിക്കും.
നികുതിദായകർക്ക് തങ്ങൾക്ക് അനുയോജ്യമായ സമയം മുൻകൂട്ടി തിരഞ്ഞെടുക്കാം.കൂടിക്കാഴ്ചയുടെ വിഷയം മുൻകൂട്ടി രേഖപ്പെടുത്താൻ സാധിക്കും.ഓരോ വിഷയത്തിലും വൈദഗ്ധ്യമുള്ള ഉദ്യോഗസ്ഥരുമായി നേരിട്ട് ആശയവിനിമയം നടത്താം.സംശയങ്ങൾക്ക് കൂടുതൽ കൃത്യതയുള്ളതും വേഗതയേറിയതുമായ മറുപടികൾ ഉറപ്പാക്കുന്നു.
നികുതി നിയമങ്ങളെക്കുറിച്ചുള്ള അവബോധം വളർത്താനും സേവനങ്ങളുടെ ഗുണനിലവാരം വർദ്ധിപ്പിക്കാനും ഈ പുതിയ സംവിധാനം സഹായിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ജനറൽ അതോറിറ്റി ഫോർ ടാക്സസ് പുറത്തുവിട്ട QR കോഡ് സ്കാൻ ചെയ്തുകൊണ്ട് പൊതുജനങ്ങൾക്ക് ഈ അപ്പോയിന്റ്‌മെന്റ് ബുക്കിംഗ് സേവനം പ്രയോജനപ്പെടുത്താം.










