
ദോഹ: കൊച്ചു കൂട്ടുകാരുടെ ചിരിമുഴക്കങ്ങളും വിനോദത്തിന്റെ വർണ്ണപ്പൊലിമയും നിറഞ്ഞ 'ഖത്തർ ഗെയിംസ് ഫെസ്റ്റിവലിന്റെ' നാലാം പതിപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ ജനപങ്കാളിത്തത്തോടെ സമാപിച്ചു. കുരുന്നുകൾക്കും കുടുംബങ്ങൾക്കുമായി വിജ്ഞാനവും വിനോദവും ഇഴചേർത്ത് വിസിറ്റ് ഖത്തർ ഒരുക്കിയ ഗെയിംസ് ഫെസ്റ്റിവലിലേക്ക് ഒഴുകിയെത്തിയത് 1,48,000-ൽ പരം സന്ദർശകരാണ്.
വിസിറ്റ് ഖത്തറിന്റെ 'ഹലോ സമ്മർ' പ്രചാരണ പരിപാടിയുടെ ഭാഗമായി 'ഖത്തർ കലണ്ടറും' ജനപ്രിയ കുട്ടികളുടെ ചാനലായ 'സ്പേസ്ടൂണും' ചേർന്നാണ് ഈ വിനോദവിരുന്ന് ഒരുക്കിയത്. വേനലവധി ദിനങ്ങളെ ആവേശഭരിതമാക്കിയ 31 ദിനരാത്രങ്ങളിൽ ഖത്തറിന് പുറമെ സൗദി അറേബ്യ, യു.എ.ഇ എന്നീ അയൽരാജ്യങ്ങളിൽ നിന്നും പതിനായിരക്കണക്കിന് സഞ്ചാരികളാണ് ദോഹയിലേക്ക് ഒഴുകിയെത്തിയത്. 23,000-ത്തിലധികം ചതുരശ്ര മീറ്ററിൽ പരന്നുകിടന്ന വിശാലമായ വേദിയിൽ, ലോകോത്തര നിലവാരമുള്ള 63 പ്രമുഖ ബ്രാൻഡുകൾ തങ്ങളുടെ വിനോദ വിഭവം നിരത്തി. കുട്ടികളുടെ മനസ്സുനിറച്ച 480-ലധികം നാടക-കലാ പ്രകടനങ്ങളാണ് ക്യാമ്പസിനെ സജീവമാക്കിയത്. കുടുംബസൗഹൃദ വിനോദങ്ങളുടെ ഏഷ്യയിലെ തന്നെ പ്രമുഖ കേന്ദ്രമായി ഖത്തറിനെ മാറ്റുന്നതിൽ ഈ മേള വൻ വിജയമായി മാറിയെന്ന് ഖത്തർ ടൂറിസം വ്യക്തമാക്കി.











