
ദോഹ: പ്രവാസി മലയാളി കൂട്ടായ്മയായ ഖത്തർ ഫ്രൈഡേ ഹാപ്പിനെസ്സിന്റെ (QFH) രണ്ടാം വാർഷികാഘോഷവും ഈദ് സംഗമവും 'മിസ്റ്റർ ഗ്രിൽ' റെസ്റ്റോറന്റിൽ പ്രൗഢഗംഭീരമായി നടന്നു. സംഗീതപ്രേമികളായ തൊണ്ണൂറോളം കുടുംബാംഗങ്ങൾ ഒത്തുചേർന്ന പരിപാടി ഊഷ്മളമായ കുടുംബസംഗമമായി മാറി.
കൂട്ടായ്മയിലെ സജീവ സാന്നിധ്യമായ ഷിഹാബിന്റെ പിതാവിന്റെ വിയോഗത്തിൽ അനുശോചിച്ചുകൊണ്ട്, ഒരു മിനിറ്റ് മൗനപ്രാർത്ഥനയോടെയാണ് പരിപാടികൾക്ക് തുടക്കമിട്ടത്.
തുടർന്ന് അംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികൾ അരങ്ങേറി. ഖത്തർ ഫ്രൈഡേ ഹാപ്പിനെസ്സിലെ ഗായകരുടെ മനോഹരമായ ഗാനാലാപനവും, കഴിഞ്ഞ ഒരു വർഷമായി ഖത്തറിലെ വിവിധ സ്റ്റേജുകളിൽ ശ്രദ്ധേയമായ പ്രകടനങ്ങൾ കാഴ്ചവെക്കുന്ന 'ടീം സോൾ ജെംസ്' (Team Soul Gems) അവതരിപ്പിച്ച ഒപ്പനയും, നൃത്തവും കാണികളെ ആവേശഭരിതരാക്കി. കുട്ടി നർത്തകി സാൻവി അവതരിപ്പിച്ച നൃത്തവും ഖത്തർ ഫ്രൈഡേ ഹാപ്പിനെസ്സ് ഡാൻസ് ടീമിന്റെ പ്രകടനവും കാണികളുടെ കയ്യടി നേടി. ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഡി.ജെ (DJ) പാർട്ടി ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. ക്ലബ്ബ് അംഗമായ സക്കീർ ഹുസൈന്റെ വിവാഹവാർഷികം സർപ്രൈസ് കേക്ക് മുറിച്ച് കൊണ്ട് വേദിയിൽ വെച്ച് ആഘോഷിച്ചു. കൂട്ടായ്മയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ലോഞ്ചിംഗ് അഡ്മിൻ തോമസ് മാത്യു നിർവ്വഹിച്ചു.
സനിതാ സന്തോഷ് അവതാരകയായ പരിപാടിയുടെ വിജയത്തിനായി പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ടീം അംഗങ്ങൾ നന്ദി രേഖപ്പെടുത്തി.










