
ദോഹ: ഖത്തർ ഫൗണ്ടേഷന്റെ (ക്യു.എഫ്) കീഴിലുള്ള സ്കൂളുകളുടെ 2026 വർഷത്തെ സംയുക്ത ബിരുദദാന ചടങ്ങ് പ്രൗഢഗംഭീരമായി നടന്നു. ഖത്തർ നാഷണൽ കൺവെൻഷൻ സെന്ററിൽ (QNCC) നടന്ന ചടങ്ങിൽ ഖത്തർ ഫൗണ്ടേഷൻ ചെയർപേഴ്സൺ മഹിതയായ ഷെയ്ഖ മൗസ ബിന്ത് നാസർ മുഖ്യാതിഥിയായി പങ്കെടുത്തു. ഫൗണ്ടേഷന്റെ സംയോജിത വിദ്യാഭ്യാസ സമ്പ്രദായത്തിന് കീഴിലുള്ള ഏഴ് സ്കൂളുകളിൽ നിന്നായി 401 വിദ്യാർത്ഥികളാണ് ഈ വർഷം ബിരുദം കരസ്ഥമാക്കിയത്.
ഖത്തർ ഫൗണ്ടേഷൻ വൈസ് ചെയർപേഴ്സണും സി.ഇ.ഒയുമായ ഷെയ്ഖ ഹിന്ദ് ബിന്ത് ഹമദ് അൽഥാനി, പ്രമുഖ വ്യക്തിത്വങ്ങൾ, അധ്യാപകർ, സ്കൂൾ പ്രിൻസിപ്പൽമാർ, രക്ഷിതാക്കൾ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
യഥാർത്ഥ വിദ്യാഭ്യാസം എന്നത് കേവലം അക്കാദമിക നേട്ടങ്ങളിൽ മാത്രമല്ല, മറിച്ച് അനിശ്ചിതത്വത്തിന്റെ ഘട്ടങ്ങളിൽ ഉണർവോടെയും സർഗ്ഗാത്മകതയോടെയും ഉറച്ചുനിൽക്കാനുള്ള കഴിവിലാണെന്ന് വിദ്യാർത്ഥികൾ തെളിയിച്ചതായി ഖത്തർ ഫൗണ്ടേഷനിലെ പ്രീ-യൂണിവേഴ്സിറ്റി എഡ്യൂക്കേഷൻ പ്രസിഡന്റ് അബീർ അൽ ഖലീഫ പറഞ്ഞു. സമീപകാല ഭൗമരാഷ്ട്രീയ സംഭവങ്ങൾ സൃഷ്ടിച്ച വെല്ലുവിളികൾ ഈ ബാച്ചിന്റെ മികച്ച പൊരുത്തപ്പെടൽ ശേഷിയെയും അസാധാരണമായ കഴിവുകളെയുമാണ് പുറത്തുകൊണ്ടുവന്നതെന്നും അവർ കൂട്ടിച്ചേർത്തു. ഫൗണ്ടേഷന്റെ പുതിയ തന്ത്രങ്ങൾ നടപ്പിലാക്കുമ്പോൾ, വരും വർഷങ്ങളിൽ നല്ല മാറ്റങ്ങൾ കൊണ്ടുവരാൻ പോകുന്ന പ്രധാന പങ്കാളികളായാണ് ഈ ബിരുദധാരികളെ കാണുന്നതെന്നും അവർ വ്യക്തമാക്കി.
ഖത്തറിലെ പ്രമുഖ ഫൈൻ ജ്വല്ലറി ഡിസൈനറും ഖത്തർ അക്കാദമി ദോഹയിലെ മുൻ വിദ്യാർത്ഥിയുമായ മറിയം അലി അൽ ഖലഫ് ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. യഥാർത്ഥ വിജയം വ്യക്തിഗത നേട്ടങ്ങളിൽ ഒതുങ്ങുന്നതല്ലെന്നും, അത് സമൂഹത്തിന് നൽകുന്ന നല്ല സംഭാവനകളിലാണ് അടങ്ങിയിരിക്കുന്നതെന്നും അവർ ഓർമ്മിപ്പിച്ചു. വിദ്യാഭ്യാസം വഴി നേടിയ അറിവ് ഭാവി കെട്ടിപ്പടുക്കാനും ശരിയായ തീരുമാനങ്ങളുമായി ആത്മവിശ്വാസത്തോടെ മുന്നേറാനും വിദ്യാർത്ഥികളെ സഹായിക്കുമെന്നും അവർ പറഞ്ഞു.
വിവിധ സ്കൂളുകളിൽ നിന്നുള്ള മിടുക്കരായ വിദ്യാർത്ഥികൾക്കുള്ള പുരസ്കാര വിതരണവും ചടങ്ങിൽ നടന്നു. ഖത്തർ അക്കാദമി ദോഹ, ഖത്തർ അക്കാദമി അൽ ഖോർ, ഖത്തർ അക്കാദമി സിദ്ര, ഖത്തർ അക്കാദമി ഫോർ സയൻസ് ആൻഡ് ടെക്നോളജി, ഖത്തർ ലീഡർഷിപ്പ് അക്കാദമി, ഖത്തർ അക്കാദമി അൽ വക്ര, ഔസാജ് അക്കാദമി എന്നീ ഏഴ് സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളാണ് ബിരുദം ഏറ്റുവാങ്ങിയത്. വർഷങ്ങളായി ഖത്തർ ഫൗണ്ടേഷൻ സ്കൂളുകളിൽ നിന്നും അനുബന്ധ പ്രോഗ്രാമുകളിൽ നിന്നുമായി പതിനയ്യായിരത്തിലധികം (15,000) വിദ്യാർത്ഥികൾ പഠനം പൂർത്തിയാക്കി പുറത്തിറങ്ങിയിട്ടുണ്ട്.










