
ദോഹ: 1948 മുതൽ ഇന്നുവരെയുള്ള ഖത്തർ ഫുട്ബോളിന്റെ ഐതിഹാസിക ചരിത്രം രേഖപ്പെടുത്തുന്ന ഔദ്യോഗിക ഡിജിറ്റൽ പ്ലാറ്റ്ഫോം ഉദ്ഘാടനം ചെയ്തു. കായിക-യുവജന മന്ത്രാലയം മന്ത്രി ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹമ്മദ് അൽ താനിയാണ് ഈ ദേശീയ പദ്ധതിക്ക് തുടക്കം കുറിച്ചത്.ഏകദേശം 15 ടെറാബൈറ്റോളം ഡാറ്റ നിലവിൽ ഈ ഡിജിറ്റൽ ആർക്കൈവിൽ ലഭ്യമാണ്. വരും ഘട്ടങ്ങളിൽ ഇതിന്റെ അളവ് ഇരട്ടിയായി വർധിപ്പിക്കും.ശാസ്ത്രീയമായ രീതിയിൽ പരിശോധിച്ചുറപ്പിച്ച അപൂർവ്വ രേഖകൾ, ഫോട്ടോകൾ, വീഡിയോകൾ, പഴയകാല ഫുട്ബോൾ താരങ്ങളുടെയും സംഘാടകരുടെയും അഭിമുഖങ്ങൾ എന്നിവ ഈ പ്ലാറ്റ്ഫോമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.പദ്ധതിയുടെ ഭാഗമായി മൂന്ന് പ്രധാന പുസ്തകങ്ങളും പുറത്തിറക്കിയിട്ടുണ്ട്. ഖത്തർ ഫുട്ബോളിന്റെ തുടക്കം വിവരിക്കുന്ന 'ദ സ്റ്റോറി ഓഫ് ദ ബിഗിനിംഗ്', ഗൾഫ് കപ്പിലെ ഖത്തറിന്റെ സാന്നിധ്യം വ്യക്തമാക്കുന്ന പുസ്തകം, ഖത്തർ ലോകകപ്പ് ആതിഥേയത്വവും 2026 ലോകകപ്പ് യോഗ്യതയും വിവരിക്കുന്ന പുസ്തകം എന്നിവയാണവ.ഫുട്ബോളിനെ കേവലം ഒരു കായിക വിനോദമെന്നതിലുപരി ഖത്തറിന്റെ സാമൂഹിക-സാംസ്കാരിക ചരിത്രത്തിന്റെ ഭാഗമായാണ് ഈ പദ്ധതി കാണുന്നത്.
2020 ഓഗസ്റ്റിൽ ആരംഭിച്ച ദീർഘകാല പ്രവർത്തനങ്ങളുടെ ഫലമായാണ് ഈ ഡിജിറ്റൽ പ്ലാറ്റ്ഫോം യാഥാർത്ഥ്യമായത്. ഗവേഷകർക്കും മാധ്യമപ്രവർത്തകർക്കും കായിക പ്രേമികൾക്കും ഖത്തർ ഫുട്ബോളിനെക്കുറിച്ച് അറിയാനുള്ള ഏറ്റവും വിശ്വസനീയമായ കേന്ദ്രമായി ഈ പ്ലാറ്റ്ഫോം മാറും. മികച്ച പ്രവർത്തന മികവിനുള്ള ഐഎസ്ഒ (ISO 9001:2015) സർട്ടിഫിക്കേഷനും ഈ പ്രോജക്റ്റ് ഇതിനോടകം നേടിയിട്ടുണ്ട്.










