
ദോഹ: വരുന്ന 2026-2027 ഫുട്ബോൾ സീസണിന് മുന്നോടിയായി ക്ലബ്ബുകളിലെ കളിക്കാരുടെ രജിസ്ട്രേഷൻ ചട്ടങ്ങളിൽ നിർണായക ഭേദഗതികൾ പ്രഖ്യാപിച്ച് ഖത്തർ ഫുട്ബോൾ അസോസിയേഷൻ (QFA). കളിക്കാരുടെ രജിസ്ട്രേഷൻ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാനും ക്ലബ്ബുകൾക്കും ദേശീയ ടീമിനും ഒരുപോലെ ഗുണകരമാകുന്ന രീതിയിൽ ടീം ഘടന ഉറപ്പുവരുത്താനുമാണ് QFA സർക്കുലറിലൂടെ പുതിയ ഭേദഗതികൾ പുറപ്പെടുവിച്ചിരിക്കുന്നത്.
മുൻ സീസണുകളിൽ നിലവിലുണ്ടായിരുന്ന പ്രധാന ഇളവുകളിലൊന്ന് അസോസിയേഷൻ റദ്ദാക്കി. ദേശീയ സീനിയർ ടീമിലെ ഒരു കളിക്കാരനെ യൂറോപ്യൻ ക്ലബ്ബുകളിലേക്ക് ലോണിൽ അയക്കുകയാണെങ്കിൽ പകരം ഒരു യങ് ടാലന്റ് (Talented Player) കളിക്കാരനെക്കൂടി രജിസ്റ്റർ ചെയ്യാൻ ക്ലബ്ബുകൾക്ക് അനുമതി നൽകിയിരുന്ന വകുപ്പാണ് എടുത്തുമാറ്റിയത്.
അതേസമയം, മത്സരങ്ങളിൽ കളിക്കളത്തിലിറക്കാവുന്ന പരമാവധി വിദേശ താരങ്ങളുടെ എണ്ണത്തിൽ മാറ്റമില്ല. ഒരു ടീമിന് പരമാവധി 5 വിദേശ പ്രൊഫഷണൽ താരങ്ങളെയും 2 യങ് ടാലന്റ് താരങ്ങളെയും സ്ക്വാഡിൽ ഉൾപ്പെടുത്താം. എന്നാൽ രണ്ടിൽ കൂടുതൽ ടാലന്റ് താരങ്ങളെ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്ന ക്ലബ്ബുകൾ, കളിപ്പിക്കുന്ന വിദേശ പ്രൊഫഷണൽ കളിക്കാരുടെ എണ്ണത്തിൽ അതിനനുസരിച്ച് കുറവ് വരുത്തണമെന്ന് സർക്കുലറിൽ വ്യക്തമാക്കുന്നു.ചില നിർദ്ദിഷ്ട മാനദണ്ഡങ്ങൾക്ക് വിധേയമായി വിദേശ/ടാലന്റ് കളിക്കാരുടെ 'സ്‌പോർട്ടിംഗ് സ്റ്റാറ്റസ്' പ്രാദേശിക (ഖത്തറി) കളിക്കാരുടെ പദവിയിലേക്ക് മാറ്റാനുള്ള പുതിയ സംവിധാനവും അസോസിയേഷൻ അവതരിപ്പിച്ചിട്ടുണ്ട്.അസോസിയേഷന്റെ റജിസ്റ്ററിൽ വിദേശ പ്രൊഫഷണൽ താരമായോ ടാലന്റ് താരമായോ ഉള്ള ഒരു കളിക്കാരന്, ഖത്തർ സീനിയർ ദേശീയ ടീമിനായി കുറഞ്ഞത് 10 ഔദ്യോഗിക മത്സരങ്ങളിലെങ്കിലും ബൂട്ട് കെട്ടിയിട്ടുണ്ടെങ്കിൽ ക്ലബ്ബിന്റെ അപേക്ഷപ്രകാരം "ഖത്തറി പ്ലെയർ" പദവി നൽകാം. Executive Committee-യുടെ അംഗീകാരത്തോടെയായിരിക്കും ഇത്.ഖത്തറിലെ താമസക്കാരായ (Resident) കളിക്കാർക്കും യു-17 (U-17) മുതൽ താഴോട്ടുള്ള പ്രായപരിധിയിലുള്ള ഖത്തറി ദേശീയ ടീമുകളുടെ ഭാഗമായിട്ടുള്ള കളിക്കാർക്കും തങ്ങളുടെ സ്‌പോർട്ടിംഗ് സ്റ്റാറ്റസ് ലോക്കൽ കളിക്കാരുടെ പദവിയിലേക്ക് മാറ്റാൻ എക്‌സിക്യൂട്ടീവ് കമ്മിറ്റിയോട് അപേക്ഷിക്കാം.
മത്സരശേഷി വർധിപ്പിക്കുന്നതിനും ക്ലബ്ബുകൾക്ക് സ്ക്വാഡ് മാനേജ്മെന്റിൽ കൂടുതൽ വഴക്കം നൽകുന്നതിനും ദേശീയ ടീമുകളെ പ്രതിനിധീകരിക്കാൻ കളിക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനുമാണ് ഈ പുതിയ പരിഷ്കാരങ്ങളെന്ന് ഖത്തർ ഫുട്ബോൾ അസോസിയേഷൻ വ്യക്തമാക്കി.











