
ദോഹ/ന്യൂയോർക്ക്: ഖത്തർ ധനമന്ത്രി അലി ബിൻ അഹമ്മദ് അൽ കുവാരി അമേരിക്ക സന്ദർശനത്തിന്റെ ഭാഗമായി ന്യൂയോർക്കിൽ പ്രമുഖ ആഗോള ധനകാര്യ സ്ഥാപനങ്ങളുടെയും ബാങ്കുകളുടെയും മേധാവികളുമായി കൂടിക്കാഴ്ച നടത്തി. വിവിധ സ്ഥാപനങ്ങളുമായി വെവ്വേറെ നടത്തിയ ചർച്ചകളിൽ സാമ്പത്തിക-വാണിജ്യ മേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.
ബ്ലാക്ക്‌സ്റ്റോൺ ചെയർമാനും സി.ഇ.ഒയുമായ സ്റ്റീഫൻ എ. ഷ്വാർസ്‌മാൻ, ബ്രൂക്ക്ഫീൽഡ് സി.ഇ.ഒ ബ്രൂസ് ഫ്ലാറ്റ്, അപ്പോളോ ഗ്ലോബൽ മാനേജ്‌മെന്റ് സി.ഇ.ഒ മാർക്ക് റോവൻ, ജാനസ് ഹെൻഡേഴ്സൺ സി.ഇ.ഒ അലി ദിബാജ് എന്നിവരുമായാണ് ധനമന്ത്രി ചർച്ചകൾ നടത്തിയത്.
മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും സാമ്പത്തിക സംഭവവികാസങ്ങൾ, ആഗോള സമ്പദ്‌വ്യവസ്ഥ നേരിടുന്ന വെല്ലുവിളികൾ, പരസ്പര താൽപ്പര്യമുള്ള നിക്ഷേപ വിഷയങ്ങൾ എന്നിവ കൂടിക്കാഴ്ചകളിൽ വിശദമായി ചർച്ച ചെയ്യപ്പെട്ടു. ഖത്തറിന്റെ സാമ്പത്തിക വളർച്ചയും ആഗോള ധനകാര്യ പങ്കാളിത്തവും ശക്തിപ്പെടുത്തുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമായാണ് ഈ സന്ദർശനം.











