
ദോഹ:അന്താരാഷ്ട്രതലത്തിൽ തിരയപ്പെട്ടിരുന്ന ഏഷ്യൻ വംശജനായ കുറ്റവാളിയെ ഖത്തർ ആഭ്യന്തര മന്ത്രാലയം അമേരിക്കൻ അധികൃതർക്ക് കൈമാറി. ആഭ്യന്തര മന്ത്രാലയം, ആഭ്യന്തര സുരക്ഷാ സേന (ലഖ്വിയ), യു.എസ് ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (FBI) എന്നിവർ സംയുക്തമായി നടത്തിയ നീക്കത്തിനൊടുവിലാണ് നടപടി. ഇന്റർപോളിന്റെ (Interpol) സഹായത്തോടെയായിരുന്നു ഈ അന്താരാഷ്ട്ര സുരക്ഷാ ഓപ്പറേഷൻ.
രാജ്യാന്തര തലത്തിൽ പ്രവർത്തിക്കുന്ന സംഘടിത കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് അതീവ ഗുരുതരമായ നിരവധി കേസുകളിൽ പ്രതിയാണ് പിടിയിലായ വ്യക്തിയെന്ന് മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു. കസ്റ്റഡിയിലെടുത്ത പ്രതിയെ തുടർ നിയമനടപടികൾക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിരുന്നു. നിലവിലുള്ള നിയമപരമായ നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് പ്രതിയെ അമേരിക്കൻ അധികൃതർക്ക് വിട്ടുനൽകാൻ പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിടുകയായിരുന്നു.സൗഹൃദ രാജ്യങ്ങളുമായുള്ള അന്താരാഷ്ട്ര സുരക്ഷാ സഹകരണത്തിന്റെയും ഏകോപനത്തിന്റെയും ഭാഗമായാണ് ഈ നടപടിയെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അതിർത്തികൾ കടന്നുള്ള സംഘടിത കുറ്റകൃത്യങ്ങളെ പ്രതിരോധിക്കുന്നതിൽ ഖത്തർ എന്നും വിശ്വസ്തനായ ഒരു അന്താരാഷ്ട്ര പങ്കാളിയാണെന്ന് ഈ നടപടി അടിവരയിടുന്നു. ദേശീയ നിയമങ്ങൾക്കും അന്താരാഷ്ട്ര കരാറുകൾക്കും വിധേയമായി, ആഗോള നീതിന്യായ വ്യവസ്ഥയെ പിന്തുണയ്ക്കാനും സമൂഹങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും രാജ്യം പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.











