
ദോഹ:പ്രതിസന്ധിയിലായ ലെബനനിലെ ജനങ്ങളെ സഹായിക്കുന്നതിനായി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനിയുടെ പ്രത്യേക നിർദ്ദേശപ്രകാരം ഖത്തർ സഹായമെത്തിച്ചു. നൂറ് ടണ്ണിലധികം മാനുഷിക സഹായങ്ങളുമായി ഖത്തർ എയർവേയ്‌സ് വിമാനം ലെബനനിലേക്ക് തിരിച്ചു.മെഡിക്കൽ ഉപകരണങ്ങൾ, അത്യാവശ്യ മരുന്നുകൾ, എമർജൻസി ഫസ്റ്റ് എയ്ഡ് കിറ്റുകൾ എന്നിവയാണ് വിമാനത്തിലുള്ളത്. ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയവും ഖത്തർ ഫണ്ട് ഫോർ ഡെവലപ്‌മെന്റും സംയുക്തമായാണ് ഇവ ലഭ്യമാക്കിയത്.ഖത്തർ ഇൻ്റർനാഷണൽ സെർച്ച് ആൻഡ് റെസ്‌ക്യൂ ഗ്രൂപ്പിൻ്റെ (ലേഖ്‌വിയ ഇൻ്റേണൽ സെക്യൂരിറ്റി ഫോഴ്‌സ്) സഹകരണത്തോടെയാണ് ദൗത്യം നടപ്പിലാക്കുന്നത്.ലെബനനിലെ വിവിധ പ്രദേശങ്ങളിലുള്ള ആശുപത്രികളുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കുകയും നിലവിലെ സാഹചര്യത്തിൽ കുടിയൊഴിപ്പിക്കപ്പെട്ട പതിനായിരക്കണക്കിന് ആളുകൾക്ക് ആവശ്യമായ ചികിത്സാ സഹായം ഉറപ്പാക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
മേഖലയിലെ പ്രത്യാഘാതങ്ങൾ ലഘൂകരിക്കുന്നതിനും പ്രതിസന്ധി ഘട്ടങ്ങളിൽ സഹോദര രാജ്യങ്ങളെ പിന്തുണയ്ക്കുന്നതിനുമുള്ള ഖത്തറിൻ്റെ നിരന്തരമായ പരിശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി.











