
ജനീവ/ദോഹ : സുഡാന്റെ ഏകീകരണത്തിനും പ്രാദേശിക അഖണ്ഡതയ്ക്കും പ്രവാസി ജനതയുടെ സുരക്ഷയ്ക്കും ഖത്തർ നൽകുന്ന ഉറച്ച പിന്തുണ വീണ്ടും പ്രഖ്യാപിച്ചു. ജനീവയിൽ നടന്ന മനുഷ്യാവകാശ കൗൺസിലിന്റെ 61-ാമത് സമ്മേളനത്തിൽ സുഡാനെക്കുറിച്ചുള്ള ചർച്ചയിൽ പങ്കെടുത്ത ഖത്തർ പ്രതിനിധി ഷെയ്ഖ് സുൽത്താൻ ബിൻ ഖാലിദ് അൽ താനിയാണ് രാജ്യത്തിന്റെ നിലപാട് വ്യക്തമാക്കിയത്.
സുഡാനിലെ ആഭ്യന്തര കാര്യങ്ങളിൽ പുറത്തുനിന്നുള്ള ഇടപെടലുകളെ തള്ളിക്കളഞ്ഞ ഖത്തർ, തുടരുന്ന യുദ്ധത്തിലും അടിസ്ഥാന സൗകര്യങ്ങളുടെ നാശത്തിലും കടുത്ത ആശങ്ക രേഖപ്പെടുത്തി. ലക്ഷക്കണക്കിന് ആളുകൾ അഭയാർത്ഥികളാക്കപ്പെടുകയും ആയിരക്കണക്കിന് ജീവനുകൾ നഷ്ടപ്പെടുകയും ചെയ്ത സാഹചര്യത്തിൽ, ഇനിയും വൈകാതെ യുദ്ധം അവസാനിപ്പിക്കാൻ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്ന് ഖത്തർ ആവശ്യപ്പെട്ടു. സമഗ്രവും യുക്തിസഹവുമായ ചർച്ചകളിലൂടെ മാത്രമേ സുഡാനിൽ സ്ഥിരത വീണ്ടെടുക്കാൻ കഴിയൂ എന്ന് ഖത്തർ ചൂണ്ടിക്കാട്ടി.പ്രതിസന്ധിയുടെ തുടക്കം മുതൽ സുഡാൻ ജനതയ്ക്ക് ആവശ്യമായ എല്ലാ പിന്തുണയും ഖത്തർ നൽകിവരുന്നുണ്ട്. ഇതിന്റെ ഭാഗമായി ഫെബ്രുവരി 9-ന് ഖത്തർ ഫണ്ട് ഫോർ ഡെവലപ്‌മെന്റും ഖത്തർ റെഡ് ക്രസന്റും ചേർന്ന് വിപുലമായ മെഡിക്കൽ ഗ്രാന്റുകൾ അയച്ചു. സുഡാനിലെ 12 സംസ്ഥാനങ്ങളിലായി ഏകദേശം അഞ്ച് ലക്ഷം ഗുണഭോക്താക്കൾക്ക് ഈ ജീവൻരക്ഷാ മരുന്നുകൾ പ്രയോജനപ്പെടും.
തടസ്സമില്ലാതെ മാനുഷിക സഹായങ്ങൾ സുഡാനിലെ ജനങ്ങളിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ലോകരാഷ്ട്രങ്ങൾ കൂടുതൽ സഹകരണം നൽകണമെന്നും ഖത്തർ ജനീവയിൽ ആവശ്യപ്പെട്ടു.











