
ദോഹ: ഫോർബ്സ് മിഡിൽ ഈസ്റ്റ് പുറത്തുവിട്ട 'ബെസ്റ്റ് എംപ്ലോയേഴ്സ് 2026' (മികച്ച തൊഴിൽ ദാതാക്കൾ) പട്ടികയിൽ ഖത്തറിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി ഖത്തർ എനർജി. ഖത്തർ ഫൗണ്ടേഷൻ രണ്ടാം സ്ഥാനവും, അൽ-അഹ്ലി ആശുപത്രി മൂന്നാം സ്ഥാനവും നേടി.
ഫോർബ്സ് മിഡിൽ ഈസ്റ്റ് ആദ്യമായി അവതരിപ്പിച്ച 'ബെസ്റ്റ് എംപ്ലോയേഴ്സ് മിഡിൽ ഈസ്റ്റ് 2026' പട്ടികയിൽ ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ രാജ്യങ്ങളിൽ നിന്നായി ആകെ 240 സ്ഥാപനങ്ങളാണ് ഇടംപിടിച്ചത്. ഇതിൽ 20 സ്ഥാപനങ്ങൾ ഖത്തറിൽ നിന്നുള്ളവയാണ്. ഊർജം, ആരോഗ്യം, ബാങ്കിംഗ്, ടെലികമ്മ്യൂണിക്കേഷൻസ്, വ്യോമയാനം, റീട്ടെയിൽ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള സ്ഥാപനങ്ങൾ ഈ പട്ടികയിൽ ഉൾപ്പെടുന്നു. ആഗോള ഡാറ്റാ പ്ലാറ്റ്ഫോമായ 'സ്റ്റാറ്റിസ്റ്റ'യുമായി (Statista) സഹകരിച്ചാണ് ഫോർബ്സ് ഈ പട്ടിക തയ്യാറാക്കിയത്. ജീവനക്കാരുടെ മികച്ച അഭിപ്രായങ്ങളും തൊഴിൽ വിപണിയിലെ മികച്ച വിലയിരുത്തലുകളും നേടിയ സ്ഥാപനങ്ങളെയാണ് ഇതിലൂടെ ആദരിക്കുന്നത്.
ആരോഗ്യമേഖലയ്ക്ക് പ്രാമുഖ്യം
ഖത്തറിലെ മികച്ച തൊഴിൽ ദാതാക്കളുടെ പട്ടികയിൽ ആരോഗ്യമേഖലയിലെ സ്ഥാപനങ്ങൾ ശ്രദ്ധേയമായ നേട്ടമാണ് കൈവരിച്ചത്. ആദ്യ അഞ്ച് സ്ഥാനങ്ങളിൽ മൂന്നെണ്ണവും ആരോഗ്യ സ്ഥാപനങ്ങളാണ് സ്വന്തമാക്കിയത്. അൽ-അഹ്ലി ആശുപത്രിക്ക് പുറമെ സിദ്ര മെഡിസിൻ, ഹമദ് മെഡിക്കൽ കോർപ്പറേഷൻ എന്നിവയും ആദ്യ അഞ്ചിൽ ഇടംനേടി. പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ, അൽ ഇമാദി ആശുപത്രി എന്നിവയും ഖത്തറിലെ മികച്ച 20 സ്ഥാപനങ്ങളുടെ പട്ടികയിലുണ്ട്.
മറ്റ് പ്രമുഖ സ്ഥാപനങ്ങൾ
ഖത്തറിന്റെ സമ്പദ്വ്യവസ്ഥയിലെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖ സ്ഥാപനങ്ങളും പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്. ഊർജ മേഖലയിൽ ഖത്തർ എനർജിക്ക് പുറമെ എക്സോൺമൊബീൽ ഖത്തറും, വ്യോമയാന മേഖലയിൽ ഖത്തർ എയർവേയ്സും പട്ടികയിലുണ്ട്. ധനകാര്യ സേവന മേഖലയിൽ നിന്ന് ക്യുഎൻബി (QNB) ഗ്രൂപ്പ്, കൊമേഴ്സ്യൽ ബാങ്ക് ഓഫ് ഖത്തർ, ദോഹ ബാങ്ക് എന്നിവരും മികച്ച തൊഴിൽ ദാതാക്കളായി തിരഞ്ഞെടുക്കപ്പെട്ടു.










