
ലുവാണ്ട: ആഫ്രിക്കൻ രാജ്യമായ അംഗോളയിലെ കടൽത്തീര എണ്ണ-വാതക മേഖലകളായ (Offshore blocks) 'ബ്ലോക്ക് 8', 'ബ്ലോക്ക് 22' എന്നിവയിലെ പര്യവേക്ഷണത്തിനായി ഖത്തർ എനർജി ധാരണാപത്രത്തിൽ (MoU) ഒപ്പുവെച്ചു. ആഗോള ഊർജ്ജ പങ്കാളികളായ ഷെൽ (Shell), അംഗോളൻ ദേശീയ എണ്ണക്കമ്പനിയായ സൊനാങ്കോൾ (Sonangol) എന്നിവരുമായി ചേർന്നാണ് ഖത്തർ എനർജി ഈ തന്ത്രപ്രധാനമായ കരാറിലെത്തിയത്.
അംഗോളൻ തലസ്ഥാനമായ ലുവാണ്ടയിൽ നടന്ന ‘അംഗോള ഓയിൽ ആൻഡ് ഗ്യാസ് കോൺഫറൻസി’ലാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.ഖത്തർ എനർജിക്ക്
30 ശതമാനം ഓഹരി പങ്കാളിത്തവും ഷെൽ 50 ശതമാനം ഓഹരി പങ്കാളിത്തവും പങ്കിടുമ്പോൾ സൊനങ്കോ
ളിന് 20 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്.
അംഗോള സർക്കാറിന്റെ അന്തിമ അനുമതികൾക്കും നിയമപരമായ നടപടിക്രമങ്ങൾക്കും ശേഷം കരാർ പൂർണ്ണമായി പ്രാബല്യത്തിൽ വരും.
ആഗോളതലത്തിൽ എണ്ണ, വാതക പര്യവേക്ഷണ രംഗത്ത് സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ പങ്കാളിത്തമെന്ന് ഖത്തർ ഊർജ്ജ സഹമന്ത്രിയും ഖത്തർ എനർജി മാനേജിംഗ് ഡയറക്ടറും സി.ഇ.ഒയുമായ സാദ് ബിൻ ഷെരീദ അൽ കഅബി വ്യക്തമാക്കി. അന്താരാഷ്ട്ര വിപണിയിൽ തങ്ങളുടെ പ്രവർത്തന ശൃംഖല വിപുലീകരിക്കാൻ ഈ കരാർ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.











