
ദോഹ :അമേരിക്കയിലെ ലൂസിയാനയിൽ നിർമ്മാണത്തിലിരിക്കുന്ന എൽ.എൻ.ജി പ്രൊജക്റ്റിൽ നിന്ന് പ്രതിവർഷം 3 ദശലക്ഷം ടൺ ദ്രവീകൃത പ്രകൃതിവാതകം (LNG) വാങ്ങുന്നതിനായി 'വുഡ്സൈഡ് എനർജി' (Woodside Energy) കമ്പനിയുമായി ഖത്തർ എനർജി (QatarEnergy) ദീർഘകാല കരാറിൽ ഒപ്പുവെച്ചു. 20 വർഷത്തേക്കാണ് ഈ കരാർ.
കരാർ അനുസരിച്ച്, വാതക വിതരണം 'Free on Board' (FOB) അടിസ്ഥാനത്തിലായിരിക്കും നടക്കുക. 2030 മുതൽ വിതരണം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഖത്തർ ഊർജ്ജ സഹമന്ത്രിയും ഖത്തർ എനർജി പ്രസിഡന്റും സി.ഇ.ഒയുമായ സാദ് ബിൻ ഷരീദ അൽ കഅബിയുടെയും, വുഡ്സൈഡ് എനർജി സി.ഇ.ഒ ലിസ് വെസ്റ്റ്കോട്ടിന്റെയും സാന്നിധ്യത്തിലാണ് കരാർ ഒപ്പുവെക്കൽ ചടങ്ങ് നടന്നത്.
ലോകമെമ്പാടുമുള്ള എൽ.എൻ.ജിയുടെ വർദ്ധിച്ചുവരുന്ന ആവശ്യകതകൾ നിറവേറ്റുന്നതിനാണ് ഈ പുതിയ കരാറെന്ന് സാദ് ബിൻ ഷരീദ അൽ കഅബി വ്യക്തമാക്കി. അമേരിക്കൻ കമ്പനിയുമായി നടത്തിയ ഈ ദീർഘകാല കരാർ അന്താരാഷ്ട്ര ഊർജ്ജ വിപണിയിൽ ഖത്തർ എനർജിയുടെ മുൻനിര സ്ഥാനം കൂടുതൽ കരുത്തുറ്റതാക്കുമെന്നും അൽ കഅബി കൂട്ടിച്ചേർത്തു.











