01:32pm 27 April 2026
NEWS
ഖത്താലം മുൻ സിഇഒ ഖാലിദ് ലാറമിന് ഖത്തർ ഊർജ്ജമന്ത്രി യാത്രയയപ്പ് നൽകി
27/04/2026  11:45 AM IST
nila
ഖത്താലം മുൻ സിഇഒ ഖാലിദ് ലാറമിന് ഖത്തർ ഊർജ്ജമന്ത്രി യാത്രയയപ്പ് നൽകി

ദോഹ: ഖത്തർ അലുമിനിയം (ഖത്താലം) മുൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഖാലിദ് മുഹമ്മദ് ലാറമിന്  ഊർജ്ജകാര്യ സഹമന്ത്രിയും ഖത്തർ എനർജി പ്രസിഡന്റും സിഇഒയുമായ സൗദ് ബിൻ ഷെരീദ അൽ കഅബി  യാത്രയയപ്പ് നൽകി.
​നാല് പതിറ്റാണ്ടിലേറെ നീണ്ട ഖാലിദ് ലാറമിന്റെ സ്തുത്യർഹമായ സേവനങ്ങളെയും അദ്ദേഹം നൽകിയ മികച്ച നേതൃത്വത്തെയും നേട്ടങ്ങളെയും ചടങ്ങിൽ മന്ത്രി അൽ കഅബി പ്രശംസിച്ചു.
​മന്ത്രി അൽ കഅബി പറഞ്ഞു: "കഴിഞ്ഞ പത്തു വർഷത്തിലേറെയായി ഖത്തറിലെ ലോകോത്തര അലുമിനിയം സ്മെൽറ്ററിന്റെ വിജയകരമായ പ്രയാണത്തിന് കരുത്തുറ്റ നേതൃത്വം നൽകിയത് ഖാലിദ് ലാറമായിരുന്നു. ഖത്താലത്തിലും ഖത്തർ എനർജിയിലും അതിന്റെ അനുബന്ധ കമ്പനികളിലും അദ്ദേഹം നൽകിയ വിലമതിക്കാനാവാത്ത സംഭാവനകൾക്ക് ഞാൻ ആഴമായ നന്ദി രേഖപ്പെടുത്തുന്നതായി ഊർജ്ജമന്ത്രി പറഞ്ഞു .
1985-ലാണ് ഖാലിദ് ലാറം ഖത്തർ എനർജിയിൽ തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 1987-ലെ നോർത്ത് ഫീൽഡ് ഡോം വികസനം, 1991-ലെ ഖത്തർ ഗ്യാസിന്റെ ആദ്യ എൽഎൻജി ട്രെയിനുകൾ എന്നിവയുടെ നിർമ്മാണത്തിൽ അദ്ദേഹം പ്രധാന പങ്ക് വഹിച്ചു. എൻജിഎൽ-4 (NGL-4) പ്രോജക്ട് മാനേജരായും അൽ-ഖലീജ് ഗ്യാസ് (AKG) ഡെപ്യൂട്ടി ജനറൽ മാനേജരായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2013-ൽ ഖത്താലം ഡെപ്യൂട്ടി ജനറൽ മാനേജരായി നിയമിതനായ അദ്ദേഹം, 2015-ലാണ് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി ചുമതലയേറ്റത്.
​ഊർജ്ജ മേഖലയിലെ പ്രമുഖരും ഖത്തർ എനർജിയിലെ ഉന്നത ഉദ്യോഗസ്ഥരും ചടങ്ങിൽ സംബന്ധിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img