08:27pm 12 November 2026
NEWS
​കോംഗോ തീരത്ത് എണ്ണശേഖരം കണ്ടെത്തി ഖത്തർ എനർജി
13/04/2026  04:51 PM IST
NILA
​കോംഗോ തീരത്ത് എണ്ണശേഖരം കണ്ടെത്തി ഖത്തർ എനർജി

ദോഹ: ആഫ്രിക്കൻ രാജ്യമായ  കോംഗോയിലെ കടൽത്തീരത്ത് പുതിയ ഹൈഡ്രോകാർബൺ (എണ്ണ-വാതക) ശേഖരം കണ്ടെത്തിയതായി ഖത്തർ എനർജി അറിയിച്ചു. കോംഗോയിലെ 'മോഹോ' (Moho) ഓഫ്‌ഷോർ ലൈസൻസിന് കീഴിലുള്ള മോഹോ ജി സ്ട്രക്ചറിലെ 'MHNM-6 NFW' എന്ന കിണറിലാണ് ഈ പുതിയ നിക്ഷേപം സ്ഥിരീകരിച്ചത്.പദ്ധതിയുടെ ഓപ്പറേറ്റർമാരായ ടോട്ടൽ എനർജീസ് ഇ.പി. കോംഗോയിൽ (TEPC) ഖത്തർ എനർജിക്ക് 15 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. ഇതേ പദ്ധതിയിൽ ടോട്ടൽ എനർജീസ് (63.5%), ട്രൈഡന്റ് എനർജി (21.5%), കോംഗോയുടെ ദേശീയ എണ്ണക്കമ്പനിയായ എസ്.എൻ.പി.സി (15%) എന്നിവരാണ് മറ്റ് പങ്കാളികൾ.പര്യവേക്ഷണ കിണറിൽ ഏകദേശം 160 മീറ്ററോളം ആഴത്തിൽ മികച്ച ഗുണനിലവാരമുള്ള ഹൈഡ്രോകാർബൺ ശേഖരമാണ് കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ അളവ് കൃത്യമായി നിർണ്ണയിക്കുന്നതിനും ഭാവി വികസനത്തിനുമായി കമ്പനി ഡാറ്റാ ശേഖരണവും സാമ്പിൾ പരിശോധനയും പൂർത്തിയാക്കി.പുതിയ കണ്ടെത്തലിൽ ഖത്തർ ഊർജ കാര്യ സഹമന്ത്രിയും ഖത്തർ എനർജി സി.ഇ.ഒയുമായ സാദ് ബിൻ ഷെരീദ അൽ കാബി സംതൃപ്തി രേഖപ്പെടുത്തി. അന്താരാഷ്ട്ര തലത്തിൽ ഖത്തർ എനർജിയുടെ സാന്നിധ്യം ശക്തമാക്കുന്നതിന് ഈ കണ്ടെത്തൽ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോംഗോ ഗവൺമെന്റുമായും ടോട്ടൽ എനർജീസുമായും സഹകരിച്ച് ഈ വിഭവങ്ങൾ വേഗത്തിൽ വികസിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img