
ദോഹ: അന്താരാഷ്ട്ര ഊർജ്ജ വിപണിയിൽ തങ്ങളുടെ സാന്നിധ്യം കൂടുതൽ ശക്തമാക്കിക്കൊണ്ട് സൈപ്രസ് കടൽത്തീരത്തെ 'ബ്ലോക്ക് 10'-ൽ (Block 10) വൻതോതിൽ വാണിജ്യ എണ്ണ-വാതക നിക്ഷേപം കണ്ടെത്തിയതായി ഖത്തർ എനർജി പ്രഖ്യാപിച്ചു. ബ്ലോക്ക് 10-ൽ ഉൾപ്പെടുന്ന 'ഗ്ലോക്കസ്' (Glaucus), 'പെഗാസസ്' (Pegasus) എന്നീ ഫീൽഡുകളിൽ നിന്നുള്ള വാണിജ്യ ഉത്പാദന പ്രഖ്യാപന കരാറിലും സൈപ്രസ് സർക്കാരുമായുള്ള തന്ത്രപ്രധാന സഹകരണ കരാറിലുമാണ് ഖത്തർ എനർജി ഒപ്പുവെച്ചത്.
സൈപ്രസ് തലസ്ഥാനമായ നിക്കോഷ്യയിൽ നടന്ന ചടങ്ങിൽ പങ്കാളികളായ ഖത്തർ എനർജി, സൈപ്രസ് സർക്കാർ, പ്രമുഖ അന്താരാഷ്ട്ര ഊർജ്ജ കമ്പനിയായ എക്സോൺ മൊബീൽ (ExxonMobil) എന്നിവർ സംയുക്തമായാണ് ഈ ചരിത്ര പ്രഖ്യാപനത്തിൽ ഒപ്പുവെച്ചത്. സൈപ്രസിന്റെ കടൽത്തീര ഊർജ്ജ സ്രോതസ്സുകളുടെ വികസനത്തിൽ വലിയൊരു നാഴികക്കല്ലായാണ് ഈ കരാർ വിലയിരുത്തപ്പെടുന്നത്.
ഈ വാണിജ്യ പ്രഖ്യാപനത്തോടെ, പദ്ധതിയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കാനാണ് പങ്കാളികൾ ലക്ഷ്യമിടുന്നത്. ഇതിനായി ആവശ്യമായ ഔദ്യോഗിക അനുമതികൾ വേഗത്തിലാക്കുക, വികസന-ഉത്പാദന ആസൂത്രണങ്ങൾ പൂർത്തിയാക്കുക എന്നിവയാണ് ഇനി മുന്നിലുള്ള പ്രധാന ചുമതലകൾ.
ബ്ലോക്ക് 10-ന്റെ വികസനത്തോടൊപ്പം തന്നെ ഭാവിയിലുണ്ടാകാൻ സാധ്യതയുള്ള മറ്റ് വലിയ ഊർജ്ജ സ്രോതസ്സുകളെയും സംയുക്തമായ കണ്ടെത്താനും വികസിപ്പിക്കാനും തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് ഖത്തർ എനർജിയും എക്സോൺ മൊബീലും വ്യക്തമാക്കി. അന്താരാഷ്ട്ര തലത്തിൽ ഖത്തറിന്റെ ഊർജ്ജ നിക്ഷേപങ്ങൾക്ക് കൂടുതൽ കരുത്തുപകരുന്നതാണ് പുതിയ കരാർ.











