
ദോഹ: റഅ്‌സ് ലഫാൻ ഇൻഡസ്ട്രിയൽ സിറ്റിയിലെ ബർസാൻ ഗ്യാസ് പ്ലാന്റിലുണ്ടായ സ്ഫോടനത്തിലും തീപിടിത്തത്തിലും 13 പേർ മരണപ്പെടുകയും 66 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഖത്തർ എനർജി സ്ഥിരീകരിച്ചു. കഴിഞ്ഞ ഞായറാഴ്ച (ജൂൺ 21) വൈകുന്നേരമാണ് ഖത്തറിലെ പ്രാദേശിക ഗ്യാസ് ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പ്രവർത്തിക്കുന്ന പ്ലാന്റിൽ അപകടമുണ്ടായത്.
അപകടത്തിൽ മരിച്ചവർ ഇന്ത്യൻ, പാകിസ്താൻ സ്വദേശികളാണെന്ന് ഖത്തർ എനർജി പുറത്തുവിട്ട പ്രസ്താവനയിൽ വ്യക്തമാക്കുന്നു. പരിക്കേറ്റവരിൽ ഖത്തർ, ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, കെനിയ, ഘാന, ടാൻസാനിയ, നൈജീരിയ, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾ ഉൾപ്പെടുന്നു.കഴിഞ്ഞ ദിവസമുണ്ടായ വൻ അപകടത്തിൽ 13 പേരാണ് മരണപ്പെട്ടത്. മരിച്ചവരെല്ലാം തന്നെ ഇന്ത്യ, പാകിസ്താൻ സ്വദേശികളാണെന്ന് ഖത്തർ എനർജി സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തിൽ പരിക്കേറ്റ 66 പേർ നിലവിൽ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ഇതിൽ ഇന്ത്യക്കാരും ഖത്തർ സ്വദേശികളും ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികളുണ്ട്. എന്നാൽ ആരുടെയും പരിക്ക് നിലവിൽ ജീവന് ഭീഷണിയുള്ളതല്ലെന്നും എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതർ അറിയിച്ചു.
അതേസമയം, രാജ്യത്തെ ഞെട്ടിച്ച ഈ ദുരന്തത്തിന് പിന്നിൽ അട്ടിമറികളോ മറ്റ് ആസൂത്രിത ആക്രമണങ്ങളോ ഇല്ലെന്ന് ഖത്തർ എനർജി വ്യക്തമാക്കി. പ്ലാന്റിലെ പ്രവർത്തനത്തിനിടയിലുണ്ടായ സാങ്കേതിക തകരാറാണ് സ്ഫോടനത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആവശ്യമായ അറ്റകുറ്റപ്പണികൾക്കായി 2025 ഡിസംബർ മുതൽ അടച്ചിട്ടിരുന്ന ഫാക്ടറി, അപകടം നടക്കുന്നതിന് രണ്ട് ദിവസം മുൻപാണ് വീണ്ടും പ്രവർത്തനം ആരംഭിച്ചത്. അപകടമുണ്ടായ ഉടൻ തന്നെ ഖത്തർ എനർജിയുടെ എമർജൻസി റെസ്‌പോൺസ് ടീമും ഖത്തർ സിവിൽ ഡിഫൻസും ചേർന്ന് തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കി. പ്ലാന്റിനും സമീപത്തെ മറ്റ് സൗകര്യങ്ങൾക്കും സംഭവിച്ച നാശനഷ്ടങ്ങൾ വിലയിരുത്തി വരികയാണ്.
അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങളുടെയും സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും, പരിക്കേറ്റവർക്ക് ആവശ്യമായ എല്ലാ പിന്തുണയും വേഗത്തിലുള്ള രോഗമുക്തിയും ഖത്തർ എനർജി പ്രാർത്ഥനയോടെ ഉറപ്പുനൽകി. സംഭവത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്താൻ സമഗ്രമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഈ ദുരന്തത്തിൽ ഖത്തർ എനർജിയുടെ ലിക്വിഫൈഡ് നാച്ചുറൽ ഗ്യാസ് (LNG) സൗകര്യങ്ങളെയോ, റഅ്‌സ് ലഫാൻ തുറമുഖത്തെയോ, മറ്റ് ലോജിസ്റ്റിക് പ്രവർത്തനങ്ങളെയോ ബാധിച്ചിട്ടില്ല. ഖത്തറിന്റെ എൽ.എൻ.ജി കയറ്റുമതി ശേഷി പൂർണ്ണമായും സുരക്ഷിതമാണെന്ന് ഖത്തർ എനർജി പ്രസ്താവനയിൽ അറിയിച്ചു.










