04:04am 13 November 2026
NEWS
ലോകത്തെ ഏറ്റവും വലിയ എൽ.എൻ.ജി വിപുലീകരണം; 'നോർത്ത് ഫീൽഡ് വെസ്റ്റ്' പദ്ധതിയുടെ കരാർ ഖത്തർ എനർജി കൈമാറി
27/02/2026  12:18 PM IST
nila
ലോകത്തെ ഏറ്റവും വലിയ എൽ.എൻ.ജി വിപുലീകരണം; നോർത്ത് ഫീൽഡ് വെസ്റ്റ് പദ്ധതിയുടെ കരാർ ഖത്തർ എനർജി കൈമാറി

 

ദോഹ:ഖത്തറിന്റെ പ്രകൃതിവാതക ഉൽപ്പാദനം പ്രതിവർഷം 142 ദശലക്ഷം ടണ്ണായി (MTPA) ഉയർത്തുന്നതിനുള്ള നിർണായകമായ 'നോർത്ത് ഫീൽഡ് വെസ്റ്റ്' (NFW) പദ്ധതിയുടെ നിർമ്മാണ കരാർ ഖത്തർ എനർജി പ്രഖ്യാപിച്ചു. പദ്ധതിയുടെ ഭാഗമായുള്ള ഓൺഷോർ പ്ലാന്റിന്റെ എഞ്ചിനീയറിംഗ്, പ്രൊക്യുർമെന്റ്, കൺസ്ട്രക്ഷൻ (EPC) കരാറാണ് കൈമാറിയത്.
ഊർജ്ജ കാര്യ മന്ത്രിയും ഖത്തർ എനർജി സി.ഇ.ഒയുമായ സഅദ് ശരീദ അൽ കഅബിയുടെ സാന്നിധ്യത്തിലായിരുന്നു കരാർ ഒപ്പിടൽ ചടങ്ങ്. പരിസ്ഥിതി സംരക്ഷണത്തിന് മുൻഗണന നൽകുന്ന ഈ പദ്ധതിയിൽ കാർബൺ ക്യാപ്‌ചർ ആൻഡ് സീക്വസ്ട്രേഷൻ (CCS) സൗകര്യവും ഉൾപ്പെടുത്തിയിട്ടുണ്ട്. 2035-ഓടെ 11 ദശലക്ഷം ടണ്ണിലധികം കാർബൺ ഡയോക്സൈഡ് പിടിച്ചെടുക്കുക എന്ന ഖത്തറിന്റെ ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെപ്പാണിത്. കൂടാതെ, പ്ലാന്റിന് ആവശ്യമായ വൈദ്യുതിയുടെ വലിയൊരു ഭാഗം ഖത്തറിലെ സോളാർ പ്ലാന്റുകളിൽ നിന്നായിരിക്കും കണ്ടെത്തുക.
പ്രതിവർഷം 16 ദശലക്ഷം ടൺ ശേഷിയുള്ള രണ്ട് മെഗാ ട്രെയിനുകളാണ് ഈ പദ്ധതിയിലുണ്ടാവുക. കൂടാതെ പ്രതിദിനം 1,75,000 ബാരൽ കണ്ടൻസേറ്റ്, ഈഥേൻ, എൽ.പി.ജി എന്നിവയും ഇവിടെ നിന്ന് ഉൽപ്പാദിപ്പിക്കും.ടെക്നിപ് എനർജീസ് (Technip Energies), കൺസോളിഡേറ്റഡ് കോൺട്രാക്ടേഴ്സ് കമ്പനി (CCC), ഗൾഫ് ഏഷ്യ കോൺട്രാക്ടർ (GAC) എന്നിവരടങ്ങിയ സംയുക്ത സംരംഭത്തിനാണ് നിർമ്മാണ ചുമതല.2031 അവസാനത്തോടെ നോർത്ത് ഫീൽഡ് വെസ്റ്റിൽ നിന്നുള്ള ആദ്യ എൽ.എൻ.ജി കാർഗോ പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img