
ദോഹ: മേഖലയിൽ വർധിച്ചുവരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽ താനി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി ഫോണിൽ സംസാരിച്ചു.
ബുധനാഴ്ച നടന്ന ചർച്ചയിൽ പ്രാദേശികവും അന്തർദേശീയവുമായ സുപ്രധാന വിഷയങ്ങൾ ഇരുനേതാക്കളും വിലയിരുത്തി. അന്താരാഷ്ട്ര സമുദ്ര സുരക്ഷ, ഊർജ വിപണിയുടെ സ്ഥിരത, ആഗോള വിതരണ ശൃംഖല നേരിടുന്ന വെല്ലുവിളികൾ എന്നിവയായിരുന്നു സംഭാഷണത്തിലെ പ്രധാന കാര്യങ്ങൾ.ആഗോള ഊർജ വിപണിയുടെ സ്ഥിരത ഉറപ്പാക്കുന്നതിൽ ഖത്തർ എന്നും വിശ്വസ്ത പങ്കാളിയായിരിക്കുമെന്ന് അമീർ ആവർത്തിച്ചു. പങ്കാളിത്ത രാജ്യങ്ങളോടുള്ള ഖത്തറിന്റെ പ്രതിബദ്ധത അദ്ദേഹം വ്യക്തമാക്കി.
മേഖലയിലെ സംഘർഷങ്ങൾ ലഘൂകരിക്കാൻ അന്താരാഷ്ട്ര തലത്തിൽ ഇടപെടലുകൾ വേണമെന്ന് അമീർ ആവശ്യപ്പെട്ടു. പ്രതിസന്ധികൾ പരിഹരിക്കാൻ സൈനിക നീക്കങ്ങൾക്ക് പകരം നയതന്ത്ര ചർച്ചകൾക്ക് മുൻഗണന നൽകണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
മേഖലയിൽ സമാധാനം കൊണ്ടുവരുന്നതിനും മധ്യസ്ഥത വഹിക്കുന്നതിനും ഖത്തർ നടത്തുന്ന ശ്രമങ്ങളെ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അഭിനന്ദിച്ചു. ഊർജ സുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഖത്തറുമായുള്ള സഹകരണം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
മേഖലയുടെയും ലോകത്തിന്റെയും സുരക്ഷ നിലനിർത്താൻ സംയുക്തമായ നീക്കങ്ങൾ ആവശ്യമാണെന്ന് ഇരുനേതാക്കളും ചർച്ചയിൽ അഭിപ്രായപ്പെട്ടു.











