
ദോഹ: ഖത്തർ ഔഖാഫ് മന്ത്രാലയത്തിന് കീഴിലുള്ള ജനറൽ ഡയറക്ടറേറ്റ് ഓഫ് എൻഡോവ്മെന്റ്സ്, സക്കാത്ത് കാര്യ വകുപ്പുമായി സഹകരിച്ച് 267 സാമ്പത്തിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന പ്രമേഹ രോഗികൾക്ക് അത്യാധുനിക മെഡിക്കൽ-പ്രോസ്തെറ്റിക് ഉപകരണങ്ങൾ വിതരണം ചെയ്തു. ഖത്തർ ഫൗണ്ടേഷൻ അംഗമായ ഖത്തർ ഡയബറ്റിസ് അസോസിയേഷനുമായി (QDA) ചേർന്നാണ് ഈ ജീവകാരുണ്യ പദ്ധതി നടപ്പിലാക്കിയത്.
വിവിധ അറബ്, വിദേശ രാജ്യങ്ങളിൽ നിന്നുള്ള 19 ഓളം നാഷണാലിറ്റിയിൽ പെട്ട രോഗികളാണ് ഈ സഹായത്തിന് അർഹരായതെന്ന് ക്യു.ഡി.എ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. അബ്ദുള്ള അൽ ഹമഖ് വ്യക്തമാക്കി.പ്രമേഹ രോഗികൾക്ക് ദിവസേനയുള്ള പരിശോധനകൾക്കായി വലിയ തുക ചിലവഴിക്കേണ്ടി വരുന്നുണ്ട്. ഈ എൻഡോവ്മെന്റ് പിന്തുണ രോഗികളുടെയും അവരുടെ കുടുംബങ്ങളുടെയും വലിയൊരു സാമ്പത്തിക ഭാരമാണ് കുറയ്ക്കുന്നത്. കുട്ടികളായ രോഗികൾക്ക് ഈ ഉപകരണം വലിയ മാനസിക ആശ്വാസമാണ് നൽകുന്നത്. സൂചി കുത്തലിൽ നിന്നുള്ള വേദന ഒഴിവാകുന്നതിലൂടെ അവർക്ക് കൂടുതൽ ആത്മവിശ്വാസത്തോടെ സ്കൂളിൽ പോകാനും കായിക വിനോദങ്ങളിൽ ഏർപ്പെടാനും സാധിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ആരോഗ്യമേഖലയിലെ ഇത്തരം സ്വാധീനമുള്ള പദ്ധതികളെ പിന്തുണച്ച ജീവകാരുണ്യ പ്രവർത്തകർക്കും സക്കാത്ത് ദാതാക്കൾക്കും ജനറൽ ഡയറക്ടറേറ്റ് ഓഫ് എൻഡോവ്മെന്റ്സിനും ഖത്തർ ഡയബറ്റിസ് അസോസിയേഷൻ നന്ദി അറിയിച്ചു.










