
ദോഹ: ഖത്തറിലെ ഭക്ഷ്യ-ആരോഗ്യ മേഖലകൾക്കായി പ്രത്യേക സാമ്പത്തിക സഹായങ്ങളും (Financing) ഉപദേശക പ്രോഗ്രാമുകളും ഖത്തർ ഡെവലപ്‌മെന്റ് ബാങ്ക് (QDB) പ്രഖ്യാപിച്ചു. മുനിസിപ്പാലിറ്റി മന്ത്രാലയം, വാണിജ്യ വ്യവസായ മന്ത്രാലയം, പൊതുജനാരോഗ്യ മന്ത്രാലയം എന്നിവയുടെ സഹകരണത്തോടെയും ഭക്ഷ്യസുരക്ഷാ നയങ്ങൾ നടപ്പിലാക്കുന്നതിനുള്ള സമിതിയുടെ ഏകോപനത്തോടെയുമാണ് ഈ പദ്ധതികൾ നടപ്പിലാക്കുന്നത്.
നിലവിലെ പ്രാദേശിക സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ സ്വകാര്യ മേഖലയിൽ നിന്നുള്ള നിർദ്ദേശങ്ങൾ പരിഗണിച്ചാണ് ഈ നീക്കം. പ്രധാനമായും മൂന്ന് സേവനങ്ങളാണ് ഇതിൽ ഉൾപ്പെടുന്നത്.മൊത്ത-ചില്ലറ വ്യാപാര കമ്പനികൾക്ക് അവരുടെ ബാങ്കുകൾ വഴി വായ്പകൾ ലഭിക്കുന്നതിന് QDB ഭാഗിക ഗ്യാരണ്ടി നൽകും.വിതരണ ശൃംഖലയിലുണ്ടായേക്കാവുന്ന തടസ്സങ്ങൾ നേരിടുന്നതിനായി ഫാക്ടറികൾക്ക് അസംസ്‌കൃത വസ്തുക്കൾ ശേഖരിച്ചു വെക്കാൻ സാമ്പത്തിക സഹായം നൽകും.വർദ്ധിച്ചുവരുന്ന ഷിപ്പിംഗ്, ഗതാഗത ചെലവുകൾ കുറയ്ക്കുന്നതിനായി ഭക്ഷ്യ-ആരോഗ്യ മേഖലയിലെ ഫാക്ടറികൾക്ക് സാമ്പത്തിക സഹായം നൽകുന്ന പ്രത്യേക പദ്ധതിയാണിത്. കൂടാതെ ലോജിസ്റ്റിക് പങ്കാളികളെ കണ്ടെത്താനും അന്താരാഷ്ട്ര വ്യാപാരത്തെക്കുറിച്ച് വർക്ക്ഷോപ്പുകൾ സംഘടിപ്പിക്കാനും ഇതിലൂടെ സാധിക്കും.
നിശ്ചയിച്ചിട്ടുള്ള മുൻഗണനാ പട്ടികയിലുള്ള കമ്പനികളെയും ഫാക്ടറികളെയും QDB നേരിട്ട് ബന്ധപ്പെടുമെന്ന് അധികൃതർ അറിയിച്ചു.











