
ദോഹ: ഖത്തറിന്റെ വ്യോമപാത അടച്ചതായും വിമാന സർവീസുകൾ നിർത്തിവെച്ചതായും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി അറിയിച്ചു. രാജ്യത്തെ വ്യോമയാന സർവീസുകൾ സാധാരണ നിലയിൽ തന്നെയാണ് തുടരുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത്, ഉയർന്ന സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കാനായി നിലവിലുള്ള 'നോട്ടീസ് ടു എയർമെൻ' (NOTAM) പ്രകാരം ചില ബദൽ വ്യോമപാതകൾ (Alternative air routes) നിശ്ചയിക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്ന് അതോറിറ്റി വിശദീകരിച്ചു. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്കും അംഗീകൃത വ്യോമയാന നിയമങ്ങൾക്കും അനുസൃതമായാണ് ഈ നടപടി.
വ്യോമഗതാഗത സേവനങ്ങൾ കൂടുതൽ സുരക്ഷിതമായി തുടരുന്നതിന് വേണ്ടിയാണ് ഈ ക്രമീകരണമെന്നും തെറ്റായ വാർത്തകളിൽ ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി ഔദ്യോഗിക പ്രസ്താവനയിലൂടെ വ്യക്തമാക്കി.











