
ദോഹ: കായിക പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന 2026-ലെ ഖത്തർ കപ്പ് ഫുട്ബോൾ ടൂർണമെന്റിന്റെ മത്സരക്രമം ഖത്തർ സ്റ്റാർസ് ലീഗ് (QSL) ഫൗണ്ടേഷൻ പ്രഖ്യാപിച്ചു. 2025-2026 സ്പോർട്സ് സീസണിൽ നിന്ന് മാറ്റി വെച്ച ടൂർണമെന്റിന്റെ പുതിയ തീയതികളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
കഴിഞ്ഞ ദോഹ ബാങ്ക് സ്റ്റാർസ് ലീഗ് (2025-2026) സീസണിലെ ആദ്യ നാല് സ്ഥാനക്കാരായ അൽ സാദ്, അൽ ശമാൽ, അൽ റയ്യാൻ, അൽ ഗരാഫ എന്നീ കരുത്തുറ്റ ക്ലബ്ബുകളാണ് ഇത്തവണ ടൂർണമെന്റിൽ മാറ്റുരയ്ക്കുന്നത്.സെപ്റ്റംബർ ഒന്നിന് നടക്കുന്ന ആദ്യ സെമി ഫൈനലിൽ പ്രമുഖ ക്ലബ്ബുകളായ അൽ സാദും അൽ ഗരാഫയും തമ്മിൽ ഏറ്റുമുട്ടും. ലോകകപ്പ് വേദിയായിരുന്ന പ്രശസ്തമായ ഖലീഫ ഇന്റർനാഷണൽ സ്റ്റേഡിയത്തിലാണ് ഈ മത്സരം അരങ്ങേറുന്നത്. അന്ന് തന്നെ നടക്കുന്ന രണ്ടാമത്തെ സെമി ഫൈനലിൽ അൽ ശമാൽ അൽ റയ്യാനെ നേരിടും. അൽ സാദ് ക്ലബ്ബിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയമാണ് ഈ മത്സരത്തിന് വേദിയാകുന്നത്.
തുടർന്ന്, ടൂർണമെന്റിലെ ജേതാക്കളെ കണ്ടെത്തുന്നതിനുള്ള കലാശക്കൊട്ട് ഡിസംബർ 11-ന് നടക്കും. അൽ സാദ് ക്ലബ്ബിലെ ജാസിം ബിൻ ഹമദ് സ്റ്റേഡിയത്തിൽ വെച്ചായിരിക്കും ഫൈനൽ മത്സരം നടക്കുക. ഖത്തറിലെ മുൻനിര ക്ലബ്ബുകൾ തമ്മിൽ മാറ്റുരയ്ക്കുന്ന ഈ ടൂർണമെന്റിനായി വലിയ ആവേശത്തിലാണ് കായികലോകം.ടൂർണമെന്റ് നിബന്ധനകൾ അനുസരിച്ച്, നിശ്ചിത സമയത്ത് മത്സരങ്ങൾ സമനിലയിൽ കലാശിക്കുകയാണെങ്കിൽ വിജയികളെ കണ്ടെത്താൻ അധിക സമയത്തിന് (Extra Time) പകരം നേരിട്ട് പെനാൽറ്റി ഷൂട്ടൗട്ട് രീതി അവലംബിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഖത്തറിലെ മുൻനിര ക്ലബ്ബുകൾ തമ്മിലുള്ള പോരാട്ടത്തിന് കാത്തിരിക്കുകയാണ് ആരാധകർ.










