
ദോഹ: ഖത്തറിൽ അനധികൃതമായി പ്രവർത്തിക്കുന്ന കാർഗോ കമ്പനികൾക്ക് നിയന്ത്രണംഏർപ്പെടുത്തുന്നതിന്റെ ഭാഗമായി2026 ജനുവരി 1 മുതൽ രാജ്യത്തെ എല്ലാ ഇറക്കുമതി–കയറ്റുമതി ഇടപാടുകളും ഗതാഗത മന്ത്രാലയം (MoT) അംഗീകാരം നൽകിയ ചരക്ക് കൈമാറ്റ കമ്പനികളിലൂടെ മാത്രമേ നടത്താൻ പാടുള്ളൂ എന്ന് മന്ത്രാലയം നിർദേശം പുറപ്പെടുവിച്ചു.
ഡെലിവറി ഓർഡറുകൾ (DO), ബിൽ ഓഫ് ലേഡിംഗ് (BL) ഉൾപ്പെടെയുള്ള എല്ലാ ഷിപ്പിംഗ് രേഖകളും സേവനങ്ങളും MoT ലൈസൻസ് ലഭിച്ച കാർഗോഫോർവേഡർമാർ മുഖേന മാത്രമേ കൈകാര്യം ചെയ്യാവൂ. ഷിപ്പ്മെന്റുകളിൽ അനാവശ്യ തടസ്സങ്ങൾ ഒഴിവാക്കുന്നതിനായി ഉപഭോക്താക്കൾ മന്ത്രാലയ നിർദേശങ്ങൾ സൂക്ഷ്മമായി അവലോകനം ചെയ്യണമെന്നും, അവർ തിരഞ്ഞെടുക്കുന്ന കമ്പനികൾ നിർദേശങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അധികൃതർ അറിയിച്ചു.
ലോഡിംഗ് കേന്ദ്രങ്ങളിലും വിതരണ പോർട്ടുകളിലും നടക്കുന്ന കാർഗോ ഇടപാടുകൾ കൃത്യമായ ചട്ടങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും അനുസരിച്ചാണെന്ന് ഉറപ്പുവരുത്തുന്നതിനുള്ള പരിശോധനകൾ ശക്തമാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് ആവശ്യമായ ലൈസൻസുകളില്ലാതെ പ്രവർത്തിക്കുന്ന അനധികൃത കാർഗോ സ്ഥാപനങ്ങൾ വർധിച്ചതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ചില ഇന്ത്യൻ, മലയാളി ഉടമസ്ഥതയിലുള്ള കാർഗോ കമ്പനികൾ തമ്മിലുള്ള അനാരോഗ്യകരമായ മത്സരം ഈ മേഖലയെ തന്നെ ദോഷകരമായി ബാധിക്കുന്നതായി വിലയിരുത്തുന്നു. നിയമപരമായ അനുമതികളില്ലാതെ ഡോർ ടു ഡോർ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന സ്ഥാപനങ്ങൾ, ചട്ടങ്ങൾ പാലിച്ച് പ്രവർത്തിക്കുന്ന കമ്പനികൾക്ക് വലിയ ഭീഷണിയായി മാറിയിട്ടുണ്ട്.
പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന ചരക്കുകൾ സമയബന്ധിതമായി ലഭിക്കുന്നില്ലെന്ന പരാതികളും പലതവണ ഉയർന്നിട്ടുണ്ടെന്ന് ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടി.










