
ദോഹ:മേഖലയിലെ സിവിൽ കേന്ദ്രങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളെ ഖത്തർ ശക്തമായി അപലപിച്ചു. ഖത്തർ പ്രധാനമന്ത്രിയുടെ ഉപദേശകനും വിദേശകാര്യ മന്ത്രാലയം വക്താവുമായ ഡോ. മാജിദ് ബിൻ മുഹമ്മദ് അൽ അൻസാരിയാണ് ഖത്തറിന്റെ നിലപാട് വ്യക്തമാക്കിയത്.ഇറാൻ്റെ ആക്രമണങ്ങൾ സൈനിക താവളങ്ങളിൽ മാത്രമാണെന്ന അവകാശവാദം തെറ്റാണെന്ന് ഡോ. അൽ അൻസാരി പറഞ്ഞു. വ്യവസായ ശാലകളും സിവിലിയൻ കേന്ദ്രങ്ങളും ആക്രമിക്കപ്പെടുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.ഒരു ഗൾഫ് രാജ്യത്തിന് നേരെയുള്ള ആക്രമണം എല്ലാ ഗൾഫ് രാജ്യങ്ങൾക്കും നേരെയുള്ള ആക്രമണമായി കണക്കാക്കുമെന്ന് അദ്ദേഹം ആവർത്തിച്ചു. ഗൾഫ് രാജ്യങ്ങൾക്കിടയിൽ വിഭജനമുണ്ടാക്കാനുള്ള നീക്കങ്ങളെ ഖത്തർ അംഗീകരിക്കില്ല.ഖത്തറിലെ വിമാനത്താവളം ഉൾപ്പെടെയുള്ള സുപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള നീക്കങ്ങൾ രാജ്യത്തിൻ്റെ സുരക്ഷയ്ക്കും വിഭവങ്ങൾക്കും നേരെയുള്ള വെല്ലുവിളിയാണ്. ഇതേത്തുടർന്ന് ഖത്തർ വ്യോമപാത താൽക്കാലികമായി അടച്ചിടേണ്ടി വന്നിരുന്നു.
ആക്രമണങ്ങൾ നിർത്താനായി ഖത്തർ പണം നൽകുന്നുണ്ടെന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്ന ഫണ്ടുകൾ നേരത്തെ ധാരണയായ അന്താരാഷ്ട്ര സംവിധാനത്തിൻ്റെ ഭാഗമാണെന്നും, അല്ലാതെ ആക്രമണം തടയാനുള്ള പ്രതിഫലമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആക്രമണങ്ങളുടെ തീവ്രത കുറഞ്ഞിട്ടുണ്ടെങ്കിലും അവ പൂർണ്ണമായും നിലച്ചിട്ടില്ലെന്നും, രാജ്യത്തിൻ്റെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഖത്തർ വ്യക്തമാക്കി.











